കയ്പമംഗലം: കൂരിക്കുഴി സെന്ററിന്റെ മുക്കും മൂലയും ഇനി ക്യാമറ നിരീക്ഷണത്തിലാകും. സെന്ററിൽ വിവിധ ഭാഗങ്ങളിൽ അത്യാധുനികമായ ക്യാമറകൾ സ്ഥാപിച്ചു. ക്യാമറകളുടെ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. കെ.എം.പി.എ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായി. കയ്പമംഗലം പൊലീസ് ഇൻസെപ്ക്ടർ എം. ഷാജഹാൻ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, കെ.എം.പി.എ രക്ഷാധികാരി പി.എം. ഹുസൈൻ ഫുജൈറ എന്നിവർ മുഖ്യാതിഥികളായിരുന്നു. കയ്പമംഗലം എസ്.ഐ: കെ.എസ്. സൂരജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, ചലച്ചിത്ര, സീരിയൽ താരം ഷൈജൻ ശ്രീവത്സം എന്നിവർ സംസാരിച്ചു.
ഒന്നേകാൽ ലക്ഷം രൂപയുടെ പദ്ധതി
കൂരുക്കുഴി മഹൽ പ്രവാസി അസോസിയേഷനാണ് (കെ.എം.പി.എ) ഒന്നേക്കാൽ ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നത്. സെന്ററിന്റെ നാല് ഭാഗങ്ങളിലായാണ് ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറകളുടെ ഭാവി നടത്തിപ്പ് ചുമതലയും കെ.എം.പി.എയ്ക്കാണ്. ലഹരി മരുന്ന് ഉപയോഗം, മോഷണം, വാഹനാപകടങ്ങൾക്ക് തടയിടൽ എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. കൂഴിക്കുഴി മഹൽ പ്രവാസി അസോസിയേഷൻ കയ്പമംഗലം പൊലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കയ്പമംഗലം പൊലീസാണ് ക്യാമറകൾ വഴി നിരീക്ഷണം നടത്തുക.