തൃശൂർ : ആറര പതിറ്റാണ്ടിലേറെ അരങ്ങിലും അണിയറയിലും നാടകത്തെ പ്രണയിച്ച് നടന്ന ജോസ് പായമ്മൽ കേരളത്തിനകത്തും പുറത്തുമായി 15,000ൽ ഏറെ വേദികളിൽ കാണികളെ വിസ്മയപ്പെടുത്തി. 14 ാം വയസിൽ ഇരിങ്ങാലക്കുട സെന്റ് തോമസ് ചർച്ചിൽ പി.കേശവദേവിന്റെ ' കാശും കിട്ടി പെണ്ണും കിട്ടി ' എന്ന നാടകത്തിൽ അഭിനയിച്ചാണ് അരങ്ങേറ്റം. പിന്നീട് പതിറ്റാണ്ടുകളോളം നാടകത്തിനൊപ്പം ജോസ് സഞ്ചരിച്ചു. നാടകം ജോസിനൊപ്പവും. അഭിനയത്തിന് ഒപ്പം രചനയും സംവിധാനവും സംഗീതവും ശബ്ദവും വെളിച്ചവുമെല്ലാം ജോസിനൊപ്പം ചേർന്നു. തൃശൂർ പൂരം പ്രദർശനത്തിൽ അമ്പത് വർഷത്തോളം പ്രേക്ഷകർക്ക് മുന്നിലെത്തി. 80ാം വയസ് വരെ അഭിനയം തുടർന്നു.
1953 ൽ ഉദയ കലാസമിതിയെന്ന് പേരിൽ സ്വന്തമായി നാടക ഗ്രൂപ്പ് ആരംഭിച്ചു. ഇതിലൂടെ കാനം ഇ.ജെയുടെ ' എന്നിട്ടും നിങ്ങൾ എന്നെ സ്‌നേഹിക്കുന്നു ' എന്ന നാടകം അവതരിപ്പിച്ചു. ഇതിൽ നായകനായി. പിന്നീട് ആൽബം ആർട്ട് തിയേറ്ററിനും സുഹൃത്തുക്കളുടെ സഹായത്തോടെ രൂപം നൽകി. എസ്.എൽ.പുരം സദാനന്ദന്റെ 'വില കുറഞ്ഞ മനുഷ്യൻ, യാഗശാല, ഒരാൾ കൂടി കള്ളനായി' എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. പ്രൊഫഷണൽ നാടക രംഗത്ത് ചുവടു മാറ്റിയപ്പോൾ സി.ജി.ഗോപിനാഥന്റെ അഗ്‌നിഗോളം എന്ന നാടകത്തിൽ നടൻ തിലകൻ, വർഗീസ് കാട്ടിപറമ്പിൽ, പിറവം മേരി എന്നിവർക്കൊപ്പം വേഷമിട്ടു. മൂന്നുറോളം വേദികളിൽ അരങ്ങേറിയ അഗ്‌നി ഗോളം ഇന്ത്യയിലുടനീളം അവതരിപ്പിച്ചു. അന്ന് ലഭിച്ച പ്രതിഫലം 20 രൂപയായിരുന്നുവെന്ന് ജോസ് പറഞ്ഞിട്ടുണ്ട്.
പൂരം പ്രദർശനത്തിൽ ആയിരക്കണക്കിന് കഥാപാത്രങ്ങൾക്കാണ് ജീവൻ നൽകിയത്. 1955 ൽ കാറളത്ത് നൃത്തവിദ്യാലയം നടത്തുന്നതിനിടെ പഠിക്കാനെത്തിയ രാധയെന്ന പെൺകുട്ടി പിന്നീട് ജീവിത സഖിയായി. തുടർന്ന് അനേകം വേദികളിൽ ഒരുമിച്ച് അഭിനയിച്ചു. കായംകുളം പീപ്പിൾ തിയറ്റർ, കോട്ടയം എ.കെസി കലാമണ്ഡലം, ഹരിപ്പാട് ശക്തി ആർട്‌സ്, തൃശൂർ കലാസദൻ, തൃശൂർ ഹിറ്റ്‌സ്, തൃശൂർ കലാകേന്ദ്രം, കവിതാ തിയറ്റർ, കൊല്ലം യൂണിവേഴ്‌സൽ, ചേർത്തല ജൂബിലി, തൃശൂർ രജപുത്ര, തൃശൂർ ചിന്മയ, തൃശൂർ നാടകവേദി തുടങ്ങി നിരവധി നാടക സമിതികളിൽ വേഷമിട്ടു.
12 നാടകങ്ങൾ രചിച്ച ജോസ് പായമ്മൽ രണ്ട് ഏകാങ്ക നാടകങ്ങളും 68 റേഡിയോ നാടകങ്ങളും എഴുതി. കോഴിക്കോട് റേഡിയോ നിലയം ആരംഭിച്ചത് മുതൽ റേഡിയോ ആർട്ടിസ്റ്റായി. മൂന്ന് സിനിമയിലും അഭിനയിച്ചു. 60ഓളം സീരിയലുകളിൽ അഭിനയിച്ചു. കേരള സംഗീത നാടക അക്കാഡമിയുടെ മുതൽ എത്രയെത്ര പുരസ്കാരങ്ങൾ. എല്ലാം ബാക്കിയാക്കി ജോസ് അരങ്ങൊഴിയുകയാണ്.