പുതുക്കാട് : ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് തീരുമാനിക്കുന്നതിനായി ജില്ലാ ലേബർ ഓഫീസർ കെ.എസ്. സുജിത്ത് നടത്തിയ അനുരഞ്ജന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ബോണസ് 20 ശതമാനമായി പുനഃസ്ഥാപിക്കണമെന്ന് തൊഴിലാളി പ്രതിനിധികളും 8.33 ശതമാനമേ നൽകാനാവൂവെന്ന് ഉടമകളും നിലപാടെടുത്തതോടെ ചർച്ച അലസിപ്പിരിഞ്ഞു. 29ന് ജില്ലാ ലേബർ ഓഫീസർ വീണ്ടും അനുരഞ്ജന യോഗം വിളിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ.വി. ചന്ദ്രൻ, പുഷ്പാകരൻ, പി.ജി. മോഹനൻ, കെ.എം. അക്ബർ, പി. ഗോപിനാഥൻ, ടി.എൽ. ആന്റോ എന്നിവരും ഉടമകളെ പ്രതിനിധീകരിച്ച് സെൻട്രൽ കേരള ടൈൽ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ നേതാക്കളായ സി.പി. ചന്ദ്രൻ, വി.കെ. രവികുമാർ, കെ.എസ്. ബാബു, രാംദാസ് എന്നിവരും പങ്കെടുത്തു.