വാടാനപ്പള്ളി: ഗണേശ മംഗലം ബീച്ചിൽ കടൽ ക്ഷോഭം രൂക്ഷം. സീ വാൾ റോഡ് തകർന്നു. ബുധനാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കടൽ ക്ഷോഭം രൂക്ഷമായത്. ഫസൽ നഗർ ബീച്ച് മുതൽ തെക്കോട്ട് ഒരു കിലോമീറ്ററോളം ഭാഗത്താണ് കടൽ കരയിലേക്ക് കയറിയത്. കടലേറ്റത്തിൽ സീ വാൾ റോഡിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. സ്വകാര്യ വ്യക്തിയുടെ വീട്ടുമതിലും, പത്തോളം തെങ്ങും കടലെടുത്തു. ഏതാനും വർഷമായി
ഈ മേഖലകളിൽ കടൽ ഭിത്തി തകർന്നു കിടക്കുകയാണ്. കടലേറ്റത്തിൽ കുടിവെള്ള പൈപ്പും തകർന്നിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, മെമ്പർമാർ വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഇറിഗേഷൻ വകുപ്പ് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കടലേറ്റത്തിൽ ഉണ്ടാകുന്ന നാശനഷ്ടത്തിൽ ദുരന്ത നിവാരണ ഓഫീസർക്ക് നിവേദനം നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു