തൃശൂർ: നിങ്ങളുടെ പേരിൽ ആരോ അയച്ച പാഴ്സലിൽ മയക്കുമരുന്നുണ്ടെന്നും നിങ്ങൾ അറസ്റ്റിലാണെന്നും വാട്സ് ആപ് കാളിൽ അറിയിച്ച് പണം തട്ടുന്ന ഓൺലൈൻ മാഫിയയുടെ 'വെർച്വൽ അറസ്റ്റ് ' വ്യാപകമാകുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞില്ലെങ്കിൽ ഇല്ലാത്ത അറസ്റ്റിൽ നിന്ന് മോചിതരാകാൻ വൻതുക നൽകണം. മുംബയ് പൊലീസെന്നോ ഡൽഹി കസ്റ്റംസെന്നോ മറ്റോ പറഞ്ഞാകും കാൾ. വിശ്വസിപ്പിക്കാൻ തട്ടിപ്പുകാർ യൂണിഫോമിട്ട് വീഡിയോ കാളിൽ പ്രത്യക്ഷപ്പെടാം. കൃത്രിമരേഖകളും വാട്സ് ആപിൽ അയയ്ക്കും.
ഭയപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയും നിർദ്ദേശിക്കുന്ന അക്കൗണ്ടിൽ പണമിടുവിക്കുകയോ ബാങ്ക് വിവരം കൈക്കലാക്കി പണം തട്ടുകയോ ചെയ്യും. വെർച്വൽ അറസ്റ്റിലായ തൃശൂരിലെ വീട്ടമ്മയ്ക്ക് പത്ത് ലക്ഷവും ഒറ്റപ്പാലത്തെ ഡോക്ടർക്ക് ആറ് ലക്ഷവും ഈയിടെ നഷ്ടപ്പെട്ടു. പാലക്കാട്ട് ഒരാൾക്ക് 29.4 ലക്ഷവും മാസങ്ങൾക്ക് മുമ്പ് കൊല്ലം സ്വദേശിക്ക് 43 ലക്ഷവും നഷ്ടപ്പെട്ടു. കൊല്ലം സ്വദേശി അയച്ച പാഴ്സലിൽ മയക്കുമരുന്നുണ്ടെന്നാണ് തട്ടിപ്പുകാർ അറിയിച്ചത്. താൻ അയച്ചിട്ടില്ലെന്നും പൊലീസിൽ പരാതിപ്പെടുമെന്നും പറഞ്ഞപ്പോൾ മുംബയ് പൊലീസ് കേസെടുത്തിട്ടുണ്ടെന്നായി.
തുടർന്ന് വീഡിയോ കാളിൽ പൊലീസ് യൂണിഫോം ധരിച്ച് ഒരാളെത്തി വെർച്വൽ അറസ്റ്റിലാണെന്നറിയിച്ച് അക്കൗണ്ട് വിവരം കരസ്ഥമാക്കി. അതോടെ അക്കൗണ്ടിലെ പണം നഷ്ടമായി. വിദ്യാസമ്പന്നരും പ്രൊഫഷണലുകളും വരെ തട്ടിപ്പിനിരയാകുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും ദിവസങ്ങൾക്ക് ശേഷമാണ് പരാതിപ്പെടാറ്.
സുവർണ മണിക്കൂർ
പരാതിപ്പെടാൻ വൈകിയാൽ പണമയച്ച അക്കൗണ്ട് മരവിപ്പിച്ച് തുക തിരിച്ചുപിടിക്കാനുള്ള സാദ്ധ്യതയില്ലാതാകും. ആദ്യ ഒരു മണിക്കൂറിൽ (സുവർണ മണിക്കൂർ) പരാതിപ്പെടണമെന്ന് സൈബർ പൊലീസ് പറയുന്നു. പരിചയമില്ലാത്ത ഫോൺ, വാട്സ് ആപ് കാളുകൾ അറ്റൻഡ് ചെയ്യരുത്. അജ്ഞാത സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
സംസ്ഥാനത്തെ സൈബർ തട്ടിപ്പ് (2023)
നഷ്ടമായത് 200 കോടി
തിരിച്ചെടുത്തത് 40 കോടി (20%)
സൈബർ പൊലീസ് നമ്പർ 1930
അടിയന്തരഘട്ടത്തിൽ വിളിക്കുക 112.
പൊലീസ് ഇവ ചെയ്യില്ല
ഫോൺ ചെയ്ത് പണമാവശ്യപ്പെടില്ല
അക്കൗണ്ട് വിവരം തേടില്ല
വീഡിയോ കാളിൽ അറസ്റ്റ് ചെയ്യില്ല
സാക്ഷരതാമിഷൻ തുല്യതാപരീക്ഷകൾ നാളെ മുതൽ
തിരുവനന്തപുരം: സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തുന്ന തുല്യതാപരീക്ഷകൾ നാളെ ആരംഭിക്കും. ഏഴാം തരം തുല്യതാപരീക്ഷ നാളെ മുതൽ 25 വരെ നടക്കും. 17 കേന്ദ്രങ്ങളിലായി 151 പേർ പരീക്ഷയെഴുതും. ഇതിൽ 77 പേർ സ്ത്രീകളാണ്. വിജയിക്കുന്നവർക്ക് പത്താംതരം തുല്യതാകോഴ്സിലേക്ക് നേരിട്ട് ചേരാൻ കഴിയും. 25ന് നടക്കുന്ന നാലാംതരത്തിൽ 55 പേർ പരീക്ഷയെഴുതും. ജില്ലയിലെ 11 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയിൽ 22 പുരുഷന്മാരും 33 സ്ത്രീകളും പങ്കെടുക്കും.പട്ടികജാതി നഗറുകളിൽ നവചേതന പദ്ധതിയുടെ ഭാഗമായി നടക്കുന്ന നാലാംതരം തുല്യതാപരീക്ഷയിൽ 519 പേർ പത്ത് കേന്ദ്രങ്ങളിലായി 25ന് പരീക്ഷയെഴുതും. ഇതിൽ 393 പേർ സ്ത്രീകളാണ്. അതിഥി തൊഴിലാളികളെ സാക്ഷരരാക്കുന്ന ചങ്ങാതി പദ്ധതി പ്രകാരം 75 പേർ 25ന് ശ്രീകാര്യം വാർഡിൽ പരീക്ഷയെഴുതും. ശ്രീകാര്യം വാർഡിൽ മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സാക്ഷരത കൈവരിച്ചവർക്കുള്ള മികവുത്സവം 25ന് നടക്കും. 76 സ്ത്രീകൾ ഉൾപ്പെടെ നവസാക്ഷരരായ 96 പേർ എട്ട് പരീക്ഷാകേന്ദ്രങ്ങളിലായി നടക്കുന്ന മികവുത്സവത്തിൽ പങ്കെടുക്കും.
സൗജന്യ ദന്തനിരയ്ക്ക്അപേക്ഷിക്കാം
തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് സൗജന്യ ദന്തനിര നൽകുന്ന സാമൂഹ്യനീതിവകുപ്പിന്റെ മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്യരേഖക്ക് താഴെയുള്ള 60 വയസ് പൂർത്തിയായവർ, പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടവർ, അല്ലെങ്കിൽ ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്ന പല്ലുകൾ ഉപയോഗ യോഗ്യമല്ലാത്തതിനാൽ പറിച്ചുനീക്കേണ്ടവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.
കൃത്രിമ പല്ലുകൾ വയ്ക്കുന്നതിന് അനുയോജ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം. https://suneethi.sjd.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവം. 30. ഫോൺ - 0471 23423241
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
ചിത്രരചനാമത്സരം - വിജയികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. 'മാലിന്യനിർമാർജനം ശീലമാക്കാം' എന്ന വിഷയത്തിലായിരുന്നു മത്സരം.യു പി വിഭാഗത്തിൽ ഒന്നാംസ്ഥാനം- ആഷിഷ ആർ.എസ് (കോട്ടൺഹിൽ ഗവ.ഗേൾസ് ഹൈസ്കൂൾ, തിരുവനന്തപുരം) രണ്ടാംസ്ഥാനം- ശ്രീവിശാഖ് വി എസ് (സെന്റ് റാഫേറൽസ് എച്ച്.എസ്. എസ്, എഴുപുന്ന, ആലപ്പുഴ) മൂന്നാംസ്ഥാനം- മുഹമ്മദ് ഷഹബാസ് (ദർശന എച്ച്.എസ്.എസ്, നെടുമങ്ങാട്). ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം- സഞ്ജയ് വി.എസ് (സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്, തിരുവനന്തപുരം) രണ്ടാംസ്ഥാനം- അശ്വിൻ.ബി (വിശ്വഭാരതി പബ്ലിക് സ്കൂൾ, നെയ്യാറ്റിൻകര) മൂന്നാംസ്ഥാനം- നീഹാര എ.ആർ (കാർമൽ സ്കൂൾ,പേയാട്). ഓഗസ്റ്റ് 18നു തിരുവനന്തപുരം എസ് എം വി സ്കൂളിൽ നടന മത്സരത്തിൽ നൂറോളം കുട്ടികളാണ് പങ്കെടുത്തത്. സമ്മാനവും സർട്ടിഫിക്കറ്റും പിന്നീട് വിതരണം ചെയ്യും.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം; കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗണിതശാസ്ത്രം പഠനവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻ ലിങ്കിൽ: https://www.keralauniversity.ac.in/jobs
എം.സി.എ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) എം.സി.എ കോഴ്സിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് (എസ്.സി കാറ്റഗറി) സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29ന് രാവിലെ ഒൻപത് മുതൽ നടത്തും. വിശദവിവരങ്ങൾക്ക് : www.cet.ac.in
ഭിന്നശേഷി കുട്ടികൾക്ക് 'വിദ്യാജ്യോതി'യിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: നാൽപ്പത് ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് (ആൺ/ പെൺ) പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുന്ന സാമൂഹ്യനീതിവകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. 9ാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്നവർക്കാണ് അവസരം. അപേക്ഷകർ സർക്കാർ/എയ്ഡഡ്/സർക്കാരിതര അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്നവരായിരിക്കണം. വരുമാനപരിധി ബാധകമല്ല. ബില്ലുകളിൽ വിദ്യാർത്ഥികളുടെ പേര് രേഖപ്പെടുത്തണം. വെബ്സൈറ്റ് : suneethi.sjd.kerala.gov.in. വിവരങ്ങൾക്ക് - 0471 2343241.