1

കൊടുങ്ങല്ലൂർ: പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കഴിമ്പ്രം മുതൽ അഴീക്കോട് വരെയുള്ള ആയിരത്തിലധികം പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് പണിമുടക്കി മാർച്ച് നടത്തിയത്. കടൽ സമ്പത്ത് പൂർണമായി ഇല്ലാതാക്കുന്ന ട്രോളിംഗ് ബോട്ടുകളുടെ പെയർ ട്രോളിംഗ് മത്സ്യബന്ധനം പൂർണമായും തടയുക, ക്ഷേമനിധി ബോർഡ് വർദ്ധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതവും വള്ളങ്ങളുടെ ലൈസൻസ് ഫീസും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

അഴീക്കോട് ഫിഷറീസ് സ്റ്റേഷന് ഇരുന്നൂറോളം മീറ്ററിനുമുമ്പായി വടം കെട്ടി തടയനായിരുന്നു പൊലീസ് പദ്ധതി. എന്നാൽ സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന പൊലീസിനെ സമരക്കാർ തള്ളിമാറ്റുകയും വടം അഴിച്ചുമാറ്റി മുന്നോട്ടുപോകുകയായിരുന്നു. പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മത്സ്യത്തൊഴിലാളികൾ ഫിഷറീസ് സ്റ്റേഷൻ വളപ്പിലേക്ക് കടന്ന് കൂട്ടധർണ നടത്തി. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്യ്തു.

കെ.എം.എഫ്.ആർ ഭേദഗതി ചെയ്ത് നിരോധിത പെയർ ട്രോളിംഗ് ബോട്ടുകളെ സർക്കാരിലേക്ക് കണ്ടുകെട്ടാൻ നടപടി വേണമെന്നും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നിരോധിത വലകൾ കണ്ടു കെട്ടാൻ സംയുക്ത പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷിഹാബ് കാവുങ്ങൽ അദ്ധ്യക്ഷനായി. പി.വി. ജനാർദ്ദനൻ, പി.വി. ജയൻ, ടി.എസ്. ഷിഹാബ് എന്നിവർ പ്രസംഗിച്ചു. രാവിലെ ചേരമൻ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച മാർച്ചിന് പരമ്പരാഗത മത്സ്യത്തൊഴിലാളി നേതാക്കളായ ഇ.കെ. ബൈജു, കെ.പി. സുരേഷ്, അശോകൻ ടി.ഡി, കെ.എസ്. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.