പുതുക്കാട് : ആമ്പല്ലൂരിൽ ദേശീയപാത ജംഗ്ഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും, പ്രാന്തപ്രദേശങ്ങളിലെ വീട്ടിലും വെള്ളം കയറിയത് വെള്ളം ഒഴുകിപ്പോയിരുന്ന തോടുകൾ മണ്ണിട്ടുയർത്തിയതും അടഞ്ഞതും മൂലം. കോടികളുടെ നഷ്ടമാണ് വെള്ളം കയറിയുണ്ടായത്. ദേശീയ പാത നാലുവരിയായി വികസിപ്പിച്ചതോടെ പാതയ്ക്കിരുവശത്തും ഉണ്ടായിരുന്ന തണ്ണീർത്തടങ്ങളും നെൽവയലും മണ്ണിട്ടു നികത്തി. ഇതോടെ വെള്ളം ഒഴുകിപ്പോകാൻ നിർമ്മിച്ച കൾവർട്ടറുകൾക്ക് ഇരുവശത്തും മണ്ണിട്ടുയർത്തുകയും ചെയ്തു. മണലി പുഴ പാലം മുതൽ പുതുക്കാട് പഞ്ചായത്ത് ഓഫീസ് വരെ ദേശീയ പാതയ്ക്ക് കുറുകെ വെള്ളം ഒഴുകാനുള്ള അഞ്ച് പാലങ്ങളിൽ രണ്ടെണ്ണവും പൂർണ്ണമായി അടഞ്ഞു. ശേഷിക്കുന്ന മൂന്ന് പാലങ്ങൾക്കടിയിലൂടെ വെള്ളം ഒഴുകേണ്ട തോട് ഭാഗികമായി തടസപെട്ടു. അതേസമയം പീച്ചി ഡാമിന്റെ ഷട്ടർ അനിയന്ത്രിതമായി തുറന്നിട്ടാണെന്ന പ്രചാരണവും പ്രതിഷേധവും തുടരുകയാണ്. മണലിപ്പുഴയും കുറുമാലിപ്പുഴയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്ന് പഞ്ചായത്തിലൂടെ കടന്നുപോകുന്ന കേളിതോടിന്റെ കൈയേറ്റമാണ് പ്രളയം അളഗപ്പനഗർ, പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിൽ രൂക്ഷമാകാൻ ഇടയാക്കിയത്. റവന്യൂ രേഖകളിൽ ഇരുപത് മീറ്റർ വീതിയിൽ അഞ്ച് കിലോമീറ്ററോളം നീളവും വരുന്ന കേളിതോട് ഇന്ന് കടലാസിലാണുള്ളത്.
മണലിപുഴ കരകവിഞ്ഞ് ആമ്പല്ലൂർ വടക്കുംമുറി പാടശേഖരത്ത് വെള്ളം കയറിയാൽ കേളി തോട് വഴി കുറുമാലി പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകും. തോടില്ലാതായതോടെ വെള്ളം പലവഴികളിലൂടെയും ഒഴുകി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ കോൺക്രീറ്റ് മതിൽ തകർന്നു. മണ്ണ്, ഭൂമാഫിയകളുടെ കൈയേറ്റം കൂടാതെ അളഗപ്പനഗർ പഞ്ചായത്ത് വക കൈയേറ്റവും വെള്ളം ഒഴുകിപ്പോകുന്ന തോട് അടച്ചുകെട്ടിയതും വിനയായി. പരമ്പരാഗത തോട് അടച്ചുകെട്ടി നിർമ്മിതികൾ കൂടുതൽ നടത്തിയത് അളഗപ്പനഗർ പഞ്ചായത്തിലാണ്. എല്ലാ വർഷവും വെള്ളം കയറിയിട്ടും പരിഹാരം കാണാൻ അധികൃതർക്കാവുന്നില്ല. (തുടരും).