വലപ്പാട് : ചൂരൽമലയിൽ ഉരുൾപൊട്ടലിൽ നാമാവശേഷമായ വെള്ളാർമല സ്‌കൂളിന് സ്മൃതിശിലാവലയം തീർത്ത് വലപ്പാട് ജി.ഡി.എം.എൽ.പി സ്‌കൂളിലെ കുരുന്നുകൾ. നൂറ് ചതുരശ്ര അടിയിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും സ്മൃതി വലയമൊരുക്കിയത്. ശിലാവലയം തീർത്തതിലൂടെ പരിസ്ഥിതി ദുരന്തത്തിന്റെ ഓർമ്മകളും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഓർമ്മപ്പെടുത്തുകയാണ് ഈ കുരുന്നുകൾ. പ്രകൃതി ദുരന്തത്തിൽ ഇല്ലാതായ വെള്ളാർമല സ്‌കൂളിലെ സഹ വിദ്യാർത്ഥികൾക്ക് മാനസികമായ പിന്തുണയും ഈ കുരുന്നുകൾ നൽകുന്നു. ശിലാവലയ സമർപ്പണം ഇന്ന് രാവിലെ 10 മണിക്ക് വലപ്പാട് എ.ഇ.ഒ: കെ.വി. അമ്പിളി കുട്ടികളോടും അമ്മമാരുമൊത്ത് നിർവഹിക്കും.
വീണ്ടെടുപ്പിനായി ശിലാവലയം
വയനാടിന്റെ വീണ്ടെടുപ്പിന്റെ പ്രതീകമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ വീടുകളുടേയും ആരാധാനാലയങ്ങളുടേയും പൊതുസ്ഥാപനങ്ങളുടേയും മാതൃകകൾ ശിലാവലയത്തിലുണ്ട്. വയനാടൻ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന ദൃശ്യങ്ങൾ ഗോത്രകലയായ വാർലി ചിത്രങ്ങളാൽ അവതരിപ്പിച്ചിട്ടുണ്ട്. വെള്ളാർമല സ്‌കൂളിന്റെ വിവിധ ബ്ലോക്കുകളുടെ രൂപമാതൃകകളും വിദ്യാർത്ഥികൾ ഒരുക്കിയിട്ടുണ്ട്. വയനാടിന്റെ പ്രത്യാശയുടെ പ്രതീകമായി പട്ടങ്ങളും വൃക്ഷശിഖരങ്ങളിൽ തൂക്കിയിട്ടുണ്ട്. നമ്മുടെ ആഗ്രഹങ്ങൾ നിവർത്തിക്കാനുള്ളത് ഈ ഭൂമിയിലുണ്ട്, അത്യാഗ്രഹങ്ങൾ നിവർത്തിക്കാനുള്ളത് ഇവിടെയില്ല എന്ന ഗാന്ധി വചനവും ഉൾപ്പെടുത്തി.