ഇരിങ്ങാലക്കുട : പൂർത്തീകരിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ബില്ലുകൾ കരാറുകാർക്ക് യഥാസമയം നൽകാത്തതിനെതിരെ നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിന് കൗൺസിൽ യോഗത്തിൽ അംഗങ്ങളുടെ വിമർശനം. തുടർന്ന് ബില്ലുകൾ ഈ മാസം 30നകം നൽകണമെന്ന് നഗരസഭാ ചെയർപേഴ്‌സൺ സുജ സജ്ഞീവ്കുമാർ നിർദ്ദേശം നൽകി. കരാറുകാർ പുതിയ ജോലികൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നും ബിൽ തുക നൽകാൻ കഴിയാത്തത് ഭരണ പരാജയത്തിന് ഉദാഹരണമാണന്നും പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി.
നഗരസഭയുടെ സ്റ്റാൻഡിംഗ് കോൺസിലിനെ നിയമിക്കുന്ന വിഷയവും പ്രതിപക്ഷാംഗങ്ങളുടെ രൂക്ഷ വിമർശനത്തിനിടയാക്കി. എം.സി.പി കൺവെൻഷൻ സെന്ററിന് അനുകൂലമായ ട്രൈബ്യൂണൽ വിധി നഗരസഭാ അഭിഭാഷകർ മൗനം പാലിച്ചതിനാലാണന്നും അഭിഭാഷകരെ മാറ്റണമെന്നും വിധിക്കെതിരെ അപ്പീൽ പോകണമെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ.ആർ. വിജയ, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ എം.സി.പി കൺവെൻഷൻ സെന്ററിന്റെ അപേക്ഷ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തള്ളിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണൽ വീണ്ടും അപേക്ഷ പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് സെക്രട്ടറി എം.ജി. ഷാജിക്ക് വിശദീകരിച്ചു. അപേക്ഷ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി വീണ്ടും പരിഗണിച്ച് എം.സി.പി കൺവെൻഷൻ സെന്ററിന്റെ വാദം കൂടി കേട്ട ശേഷം തീരുമാനമെടുക്കാനാണ് ട്രൈബ്യൂണൽ നിർദ്ദേശമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ നിലവിലുണ്ടായിരുന്ന സ്റ്റാൻഡിംഗ് കോൺസൽ അഡ്വ. കെ.കെ. ചന്ദ്രൻപിള്ളയ്ക്ക് 2023 മാർച്ച് 31 വരെയാണ് കാലാവധി നൽകിയിരുന്നതെന്നും അതിനു ശേഷമുള്ള കേസുകളുടെ തുക നൽകാനാവില്ലെന്നും എൽ.ഡി.എഫ് അംഗങ്ങളും ബി.ജെ.പി അംഗങ്ങളും ചൂണ്ടിക്കാട്ടി.
നഗരസഭ ചെയർപേഴ്‌സൺ സുജ സജ്ഞീവ്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത്, അൽഫോൻസ തോമസ്, അഡ്വ. ജിഷ ജോബി, എം.ആർ. ഷാജു, ടി.വി. ചാർളി, ടി.കെ ഷാജു എന്നിവർ സംസാരിച്ചു.

നഗരസഭാ യോഗ തീരുമാനങ്ങൾ

49 നിർമ്മാണ പ്രവർത്തനങ്ങളുടെ ബിൽ കഴിഞ്ഞ ശനിയാഴ്ചക്കകം നൽകാമെന്ന് എൻജിനിയറിംഗ് വിഭാഗം ഉറപ്പ് നൽകിയെങ്കിലും 9 ബില്ലുകൾ മാത്രമാണ് നൽകിയിട്ടുള്ളത്.
- ജെയ്‌സൺ പാറേക്കാടൻ
(പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)