ചാലക്കുടി: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ അനധികൃതമായി ബസുകളിൽ നിന്നും ഫീസ് പിരിക്കുന്ന സമ്പ്രദായം പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞു. ഇതിനായി ഉപയോഗിച്ച രശീത് പുസ്തകങ്ങൾ പിടിച്ചെടുത്ത് നഗരസഭാ സെക്രട്ടറിയെ ഏൽപ്പിച്ചു. സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്നതിന് പ്രതിദിനം 18 രൂപ വീതം നഗരസഭയ്ക്ക് നൽകണമെന്നാണ് വ്യവസ്ഥ. പണം പിരിക്കുന്നതിന് എല്ലാ വർഷവും കരാറുകാരനെ നിശ്ചയിക്കുന്നതാണ് നിലവിലെ രീതി. എന്നാൽ ഇപ്പോഴത്തെ കരാറുകാരൻ ഇതിൽ നിന്നും പിന്മാറി. കഴിഞ്ഞ കൗൺസിൽ ഇത് അംഗീകരിച്ചു. മാസങ്ങളായി നഗരസഭയുടെ പണപ്പിരിവ് സ്റ്റാൻഡിൽ നടക്കുന്നില്ല. എന്നാൽ മറ്റൊരു വിഭാഗം ബസ് സ്റ്റാൻഡിൽ നിന്നും അനധികൃതമായി പിരിവ് നടത്തുകയായിരുന്നു. ഇതാണ് പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, വി.ജെ.ജോജി എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞത്.