kaipa

കയ്പമംഗലം വിജയഭാരതി സ്‌കൂളിലെ ചെണ്ട് മല്ലിപ്പൂ വിളവെടുപ്പ് കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.എം. നാസർ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം : വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങാകാൻ കയ്പമംഗലം വിജയഭാരതി സ്‌കൂൾ വിദ്യാർത്ഥികൾ. സ്‌കൂൾ സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലിയിലെ പൂക്കൾ വിറ്റ് കിട്ടുന്ന തുക വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. വാർഡ് മെമ്പർ റസീന ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ മുന്നൂറോളം തൈകളാണ് കൃഷിഭവന്റെ സഹായത്തോടെ സ്‌കൂളിൽ നട്ടിരുന്നത്. ഇന്നലെ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് പൂർത്തിയായി. ചെണ്ടുമല്ലി പൂക്കൾ ആവശ്യപ്പെടുന്നവർക്ക് നൽകിയും ചെന്ത്രാപ്പിന്നിയിലെ പൂക്കടകൾക്ക് നൽകിയും വിറ്റ് ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകും. വിദ്യാർത്ഥികൾ സമാഹരിച്ച തുകയും അതോടൊപ്പം നൽകും.
വിളവെടുപ്പ് കൊടുങ്ങല്ലൂർ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായ ടിഎം. നാസർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റസീന ഷാഹുൽ ഹമീദ് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് എം.യു. ഉമറുൽ ഫാറൂഖ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ സിറിൽ, അസിസ്റ്റന്റ് കൃഷി ഓഫീസർ വിനോദ്, പ്രധാനദ്ധ്യാപിക പി. ഷീന, മാനേജ്‌മെന്റ് പ്രതിനിധി അഫ്‌സൽ, കാർഷിക കോ-ഓർഡിനേറ്റർ സീനത്ത്, വനജ ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.