വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിലെ എങ്കക്കാട് സബ് സ്റ്റേഷനോട് ചേർന്ന് സ്ഥാപിച്ച വൈദ്യുതി വകുപ്പിന്റെ ഇ- ചാർജിംഗ് സ്റ്റേഷൻ അശാസ്ത്രീയമെന്നും പദ്ധതി പരാജയമാണെന്നും സമ്മതിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയ്ക്ക് നൽകിയ മറുപടിയിലാണ് വെളിപ്പെടുത്തൽ.
ചാർജിംഗ് സ്റ്റേഷൻ സംബന്ധിച്ച വാർത്ത കേരള കൗമുദി പുറത്തുവിട്ടതിന് പിന്നാലെ വലിയ വിവാദം ഉയർന്നിരുന്നു. കോൺഗ്രസ് പ്രതിഷേധവുമായെത്തുകയും അഴിമതിയാണെന്ന് ആരോപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രസർക്കാർ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഹെവി ഇൻഡസ്ട്രി (ഡി.എച്ച്.ഐ) വഴി ഫെയിം 2 പദ്ധതി പ്രകാരമാണ് സ്‌റ്റേഷൻ സ്ഥാപിച്ചത്.
എന്നാൽ ഇലക്ട്രിക് വാഹന രംഗത്ത് വലിയ മാറ്റമുണ്ടായതിനാൽ സ്ലോ ചാർജിംഗ് സ്റ്റേഷനായ വടക്കാഞ്ചേരിയിൽ ഒരു വാഹനവും ചാർജ് ചെയ്യാനാകാതെ വന്നു. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര നോഡൽ ഏജൻസിയായ ബ്യൂറോ ഒഫ് എനർജി എഫിഷ്യൻസിക്ക് കത്ത് നൽകിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല.
സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതി ആവിഷ്‌കരിക്കാനാണ് മറുപടിയിൽ നിർദ്ദേശിച്ചതെന്നും മന്ത്രി അറിയിച്ചു. ഇതോടെ അടുത്തൊന്നും ചാർജിംഗ് സ്റ്റേഷൻ യാഥാർത്ഥ്യമാകില്ലെന്നാണ് വിലയിരുത്തൽ.