തൃപ്രയാർ : ദേശീയപാത വികസനത്തിനെന്ന പേരിൽ പൊളിച്ച തൃപ്രയാർ ജംഗ്ഷനിലെ റോഡരികിലെ കാന മാസമൊന്ന് പിന്നിട്ടിട്ടും പൂർവസ്ഥിതിയിലാക്കാത്തത് വ്യാപാരികൾക്കും പൊതുജനത്തിനും ദുരിതമാകുന്നു. തൃപ്രയാർ ജംഗ്ഷനിൽ ബസ് സ്റ്റാൻഡിന് വടക്കുവശം സെഞ്ച്വറി പ്ലാസ മുതൽ ഉല്ലാസ് ഭവൻ ഹോട്ടൽ വരെയുള്ള അരക്കിലോമീറ്റർ ദൂരത്തിലുള്ള റോഡരികിലെ കാനയാണ് പൊളിച്ചത്. കാനയുടെ മുകളിൽ ഉണ്ടായിരുന്ന സ്ലാബുകളും വ്യാപാരികൾ പാകിയിരുന്ന ടൈലുകളും തകർത്തു. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവരും വാഹനങ്ങളും കാനയിൽ വീണുള്ള അപകടങ്ങൾ പതിവായിരിക്കയാണ്. നിരവധി അപകടങ്ങളാണ് ഇത്തരത്തിലുണ്ടാകുന്നത്.
ദേശീയപാത അനുമതിയോടെ എല്ലാ വർഷവും കാന തുറക്കാറുള്ളത് നാട്ടിക പഞ്ചായത്താണ്. കാനയിൽ നിന്നും പുറത്തെടുക്കുന്ന മണ്ണ് ലേലം ചെയ്ത് വിൽപ്പന നടത്തുന്നതും പഞ്ചായത്താണ്. ഈ വർഷവും പഞ്ചായത്തിന് കാന തുറക്കാൻ ദേശീയപാത അനുമതി നൽകിയിരുന്നു. അതിനിടെ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനം നടത്തുന്ന കമ്പനിയുടെ അനുമതിയോടെ ജെ.സി.ബി ഉപയോഗിച്ച് ചിലർ കാന പൊളിക്കുകയായിരുന്നു. അനധികൃത പൊളിച്ചുനീക്കലിനെതിരെ പഞ്ചായത്തും നാട്ടുകാരും പ്രതിഷേധവുമായി സ്ഥലത്തെത്തിയതോടെ പ്രവർത്തനം നിറുത്തിവയ്ക്കുകയായിരുന്നു. എത്രയും വേഗം കാന പൂർവസ്ഥിതിയിലാക്കുമെന്ന് ദേശീയപാത അധികൃതർ അന്നേരം ഉറപ്പ് നൽകിയിരുന്നു. എന്നാൽ മാസം ഒന്ന് കഴിഞ്ഞിട്ടും ഉറപ്പ് പാലിച്ചില്ല. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ദേശീയപാത അധികൃതരുടെ നിരുത്തരവാദ നടപടിക്കെതിരെ വ്യാപാരികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
എത്രയും വേഗം കാനയുടെ പൊളിച്ച ഭാഗം ശരിയാക്കാമെന്ന് ദേശീയപാത അധികൃതർ പഞ്ചായത്തിന് ഉറപ്പ് നൽകിയതാണ്.
- എം.ആർ. ദിനേശൻ
(പഞ്ചായത്ത് പ്രസിഡന്റ്)
പഞ്ചായത്ത് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാന പൊളിച്ചത്.
-ദേശീയപാത അധികൃതർ