1

തൃശൂർ: തൃശൂർ - കുറ്റിപ്പുറം റോഡിന്റെ അറ്റകുറ്റപ്പണിയും കുഴിയടയ്ക്കലും കളക്ടറുടെയും എക്‌സിക്യൂട്ടിവ് എൻജിനിയറുടെയും മേൽനോട്ടത്തിലെന്ന് സർക്കാർ. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ അഡ്വ. കെ.ബി. ഗംഗേഷ് മുഖേന സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സർക്കാർ റിപ്പോർട്ട് നൽകിയത്.

2021ൽ റോഡ് നിർമ്മാണത്തിന് കരാറുകാരനെ എൽപ്പിച്ചെങ്കിലും പണി പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും പുതുക്കിയ ഷെഡ്യൂൾ പ്രകാരം നിർമ്മാണത്തിന് ടെൻഡർ വിളിച്ചതായും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ കളക്ടറുടെ മേൽനോട്ടത്തിൽ നടന്നു വരികയാണെന്നാണ് കോടതിയിൽ അറിയിച്ചത്.

ഇതിനിടെ തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ കേച്ചേരി - ചൂണ്ടൽ റോഡിൽ ടാറിംഗ് ഇന്നലെ തുടങ്ങി. ടാറിംഗിന്റെ ഭാഗമായി മണ്ണിട്ട് കുഴികൾ അടച്ചിരുന്നു. ചൂണ്ടൽ പാലം മുതൽ തൂവാനൂർ പെട്രോൾ പമ്പ് പരിസരം വരെയാണ് പ്രാരംഭപ്രവൃത്തികൾ നടക്കുന്നത്. റോഡിലെ കുഴികൾ അടയ്ക്കാൻ 59 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അടിയന്തരമായി പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്. പ്രക്ഷോഭ സമരങ്ങൾ രൂക്ഷമായതോടെയാണ് നിരവധി തവണ കളക്ടർ യോഗം വിളിച്ച് കുഴിയടയ്ക്കൽ ഉടൻ ആരംഭിച്ചത്.

കേച്ചേരി ചൂണ്ടൽ റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. തൃശൂർ റോഡിൽ മുണ്ടൂർ മുതൽ ചൂണ്ടൽ വരെയുള്ള ഭാഗങ്ങളിലാണ് വൻ കുഴികൾ. ആഴ്ചകൾക്ക് മുമ്പ് കേച്ചേരി ചൂണ്ടൽ റോഡിലെ കുഴികൾ ക്വാറി വേസ്റ്റ് ഉപയോഗിച്ച് നികത്തിയിരുന്നു. തുടർന്ന് പ്രദേശത്ത് പൊടിശല്യം രൂക്ഷമായി. ചാറ്റൽ മഴ പെയ്തതോടെ പൊടി കുതിർന്ന് റോഡ് ചെളിക്കുളമായത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

പൂർത്തിയായത് 19 ശതമാനം
2023ൽ ആരംഭിച്ച നിർമ്മാണം ഇതുവരെ പൂർത്തിയായത് 19 ശതമാനം മാത്രം. റോഡിന്റെ പല ഭാഗങ്ങളും പൊളിച്ചിട്ട നിലയിലാണ്. റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനാൽ കാലങ്ങളായി യാതൊരു വിധ അറ്റകുറ്റപ്പണികളും നടക്കുന്നില്ല. 33.23 കിലോമീറ്റർ റോഡ് നിർമ്മാണത്തിന് 2021ൽ ടെൻഡർ നൽകിയത് 119 കോടിയായിരുന്നെങ്കിൽ പുതുക്കിയ ടെൻഡർ അനുസരിച്ച് 218 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി പൂങ്കുന്നം - കുന്നംകുളം റോഡിൽ 19 കിലോമീറ്റർ ദൂരം ഏറെ ശോചനീയാവസ്ഥയിലാണ് കിടക്കുന്നത്. മണിക്കൂറുകൾ താണ്ടി വേണം ലക്ഷ്യസ്ഥാനത്ത് എത്താൻ.