ഡിസംബറോടെ ആരുമില്ലാതാകും
തൃശൂർ : കേരളത്തിൽ സ്ത്രീ സുരക്ഷ പ്രസംഗത്തിൽ മാത്രം. സ്ത്രീകളുടെ കേസുകൾ നോക്കാനും സ്റ്റേഷൻ ചുമതല വഹിക്കാനും വനിതാ ഉദ്യോഗസ്ഥർ ഇല്ലാതെ വനിതാ സെല്ലുകൾ അനാഥാവസ്ഥയിൽ. സംസ്ഥാന തല സെൽ ഉൾപ്പെടെ കേരളത്തിൽ 21 വനിതാസെൽ ഉണ്ട്. ഇതിൽ നാല് വനിതാ ഇൻസ്പെക്ടർമാർ മാത്രം. നിരവധി വനിതാ പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐമാർ പോലും ഇല്ല.
വനിതാ സെല്ലുകളുടെ ചുമതല വനിതാ സി.ഐമാർക്കും സ്റ്റേഷൻ ചുമതല വനിതാ എസ്.ഐമാർക്കുമാണ്. കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ റൂറൽ, പാലക്കാട് ഒഴികെയുള്ള എല്ലാ വനിതാ സെല്ലിലും ഇൻസ്പെക്ടർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള നാലു പേരിൽ ഒരാൾ ഒഴിവുള്ള ഡിവൈ.എസ്.പി ആകും. പിന്നെ മൂന്ന് പേർ മാത്രമാകും. ഇതിൽ ഒരാൾ ഒക്ടോബറിലും മറ്റൊരാൾ ഡിസംബറിലും വിരമിക്കും. അടുത്തദിവസം ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചാലും അവർ ഡിസംബറിൽ വിരമിക്കും. ശേഷിക്കുന്ന ഒരാൾ ഡിവൈ.എസ്.പി ആകുന്നതോടെ സംസ്ഥാനത്ത് വനിതാ സി.ഐമാർ ഇല്ലാതാവും.
ചുമതല ഗ്രേഡ് എസ്.ഐമാർക്ക്
നിലവിൽ വനിതാ സി.ഐമാർ ഇല്ലാത്ത ഇവിടങ്ങളിലെല്ലാം 20 വർഷം സർവീസ് പൂർത്തിയാക്കിയ ഗ്രേഡ് എസ്.ഐമാർക്കാണ് ചുമതല. പതിനാല് ജില്ലകളിലും വനിതാ സെല്ലുകൾ ഉണ്ട്. കോർപ്പറേഷനുകളിൽ സിറ്റിയും റൂറലും. തിരുവനന്തപുരത്ത് സ്റ്റേറ്റ് വനിതാ സെല്ലും. മൊത്തം 21. ഓരോ വനിതാ സെല്ലിലും സ്റ്റേഷനിലും മാസം നൂറുകണക്കിന് പരാതികളാണ് വരുന്നത്. ഇവയ്ക്കെല്ലാം പരിഹാരം കാണാനാകാത്ത സ്ഥിതിയാണ്.
കുട്ടികൾ, വയോജനങ്ങൾ, യുവതി-യുവാക്കൾ എന്നിവർക്കെല്ലാം വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നടത്തിയിരുന്നതും വനിതാസെൽ സി.ഐമാരായിരുന്നു. കുട്ടികളുടെ ആത്മഹത്യാ പ്രവണതയ്ക്കെതിരെയുള്ള ബോധവത്കരണം ഉദ്യോഗസ്ഥരില്ലാത്തതിനാൽ നടക്കുന്നില്ല. ജനറൽ കാറ്റഗറിയിൽ വനിതാ എസ്.ഐമാരുണ്ടെങ്കിലും ഇവർക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ സീനിയോറിറ്റി പ്രകാരം പുരുഷന്മാരെയും പരിഗണിക്കേണ്ടതിനാൽ പ്രതിസന്ധിയുണ്ട്.