പുതുക്കാട്: ആമ്പല്ലൂരിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണാൻ കേളിത്തോടിനെ വീണ്ടെടുക്കണമെന്ന ആവശ്യം ശക്തം. തോട് നികത്തി വീടു നിർമ്മാണവും റോഡ് നിർമ്മാണവും കേളിത്തോടിനെ കാന രൂപത്തിലാക്കി. ആമ്പല്ലൂർ വടക്കുംമുറിയിൽ കല്ലൂർ തോടിൽ ചേരുന്ന കേളിത്തോട് പിന്നീട് മണലിപ്പുഴയിലേക്ക് രണ്ട് തോടായി ഒഴുകുന്നു.
ഒരു തോട് നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുക്കരയിൽ മണലി പുഴയിലും മറ്റൊന്ന് ആമ്പല്ലൂർ വടക്കുംമുറിയിലും മണലി പുഴയിലുമെത്തും. കേളിത്തോട് ഇടമുറിഞ്ഞുള്ള ആമ്പല്ലൂർ വരന്തരപ്പിള്ളി റോഡിലെ കൾവർട്ടിന് വീതി കുറച്ചാണ് നിർമ്മിച്ചത്. ഈ ഭാഗത്ത് റോഡിന്റെ വടക്കും തെക്കും വശങ്ങളിൽ തോട് വീതി കുറച്ച് കരിങ്കല്ലുകൊണ്ട് വശംകെട്ടി അളഗപ്പനഗർ പഞ്ചായത്ത് റോഡ് നിർമ്മിച്ചു. തെക്കു വശത്ത് തോട് കാനയായി. തോട് നികത്തി സന്നദ്ധ സംഘടനയ്ക്ക് വീടുകൾ നിർമ്മിക്കാൻ പഞ്ചായത്ത് ഭൂമി നൽകി.
ആമ്പല്ലൂർ വടക്കും മുറിയിൽ കല്ലൂർ തോടിനോട് ചേരുന്ന ഭാഗത്ത് തോട് വീതി കുറച്ച് വനിതാ സാംസ്‌കാരിക നിലയത്തിലേക്കുള്ള റോഡും നിർമ്മിച്ചു. ഈ നിർമ്മാണങ്ങളിലൂടെയുള്ള തോട് കൈയേറ്റങ്ങൾ വെളളം റോഡിലൂടെയും പറമ്പിലൂടെയും ഒഴുകാൻ കാരണമായി. കൂടാതെ ആമ്പല്ലൂർ ജംഗ്ഷനും മണലി പുഴയ്ക്കും മദ്ധ്യേയുള്ള ദേശീയപാതയ്ക്ക് കുറുകെയുള്ള കൾവർട്ടിന് രണ്ട് വശവും മണ്ണിട്ടുയർത്തിയതോടെ വെള്ളം ഒഴുകി പോകാൻ മറ്റ് മാർഗ്ഗമില്ലാതായി. ദേശീയപാത നാലുവരിയാക്കിയപ്പോൾ മണലി പുഴയ്ക്കു കുറുകെ നിർമ്മിച്ച പാലത്തിന്റെ അടിത്തറയിൽ പുഴയുടെ ഭൂനിരപ്പിൽ നിന്നും ഉയർത്തി നിർമ്മിച്ച കോൺക്രീറ്റ് ബെൽട്ടും പുഴയിലെ നീരൊഴുക്കിനെ തടസപ്പെടുത്തുന്ന ഘടകങ്ങളാണ്. (തുടരും)