c


ചേർപ്പ്: 'അടുത്തറിഞ്ഞവരിൽ പലരും മികച്ച അഭിനേതാക്കളാണ്, ഓസ്‌കാർ അവാർഡ് വരെ കിട്ടാൻ അർഹതയുള്ളവർ. എല്ലാവരും കൂടെ അഭിനയിച്ചിട്ടുണ്ട്...' അന്തരിച്ച യുവനടൻ നിർമ്മൽ ബെന്നി ഫേസ്ബുക്കിൽ കുറിച്ചതാണ് ഈ വാക്കുകകൾ. വെള്ളിത്തിരയിൽ ചിരിയുടെയും ചിന്തയുടെയും മുഹൂർത്തങ്ങൾ കാഴ്ചവയ്ക്കണമെന്ന നിർമ്മലിന്റെ മോഹങ്ങളാണ് ഹൃദയാഘാതം മൂലമുണ്ടായ ആകസ്മിക വിയോഗത്തിലൂടെ പൊലിഞ്ഞത്.

ആഷിഖ് അബു സംവിധാനം ചെയ്ത 'ഡാ തടിയാ' സിനിമയിലൂടെ ശ്രദ്ധേയനായ നിർമ്മൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'ആമേനി'ൽ കൊച്ചച്ചന്റെ കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കമൽ സംവിധാനം ചെയ്ത പ്രണയ മീനുകളുടെ കടൽ, മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം തുടങ്ങിയ അഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ച നിർമ്മൽ സ്റ്റേജ്‌ ഷോകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.

2012ൽ പുറത്തിറങ്ങിയ നവാഗതർക്ക് സ്വാഗതം എന്ന ചിത്രമായിരുന്നു ആദ്യ ചലച്ചിത്രം. ആൽബങ്ങളിലും പരസ്യങ്ങളിലും അഭിനയം കാഴ്ച്ചവച്ച നിർമ്മൽ അവസാനമായി ഈ ഓണക്കാലത്ത് മാവേലിയുടെ വേഷം ധരിച്ചെത്തുന്ന ഒരു പരസ്യ ചിത്രത്തിലായിരുന്നു അഭിനയിച്ചത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവർക്കൊപ്പവും മികച്ച സംവിധായകരുടെ ചിത്രങ്ങളിലും അഭിനയിച്ച നിർമ്മൽ സ്വന്തമായി ബിസിനസും ചെയ്യുന്നുണ്ടായിരുന്നു. ചേർപ്പ് വലച്ചിറക്കാരൻ ബെന്നിയുടെയും ഷാന്റിയുടെയും മകനാണ്. സഹോദരി: നിമ്മി.