board

മാള : ഏറ്റവും കൂടുതൽ ഉൾനാടൻ മത്സ്യ സമ്പത്തുള്ള ജില്ലയിൽ അത് വ്യാപകമായി നശിപ്പിക്കപ്പെടുന്നെന്നും നിയമങ്ങൾ കർക്കശമാക്കണമെന്നും ദേശീയ ജൈവ വൈവിദ്ധ്യ ബോർഡ്. ഈ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഉൾനാടൻ മത്സ്യ സമ്പത്ത് നിലനിറുത്താൻ നിയമങ്ങൾ കർശനമാക്കി ഫിഷറീസ് വകുപ്പ്. സവിശേഷമായ ആവാസ വ്യവസ്ഥ കാരണമാകാം ഏറ്റവും കൂടുതൽ ഇനങ്ങളിലുള്ള മത്സ്യങ്ങളെ കണ്ടുവരുന്നത് ജില്ലയിലാണ്. എന്നാൽ വർഷങ്ങളായി ജില്ലയിൽ വലിയ രീതിയിൽ ഊത്ത പിടുത്തവും മറ്റും നശീകരണ മത്സ്യബന്ധന പ്രവർത്തനങ്ങളും നടക്കുന്നു. ഇതുമൂലം പല മത്സ്യങ്ങളും ജലാശയങ്ങളിൽ സാധാരണ കണ്ടുവരുന്ന പല ജീവീകളും അപ്രത്യക്ഷമാകുകയും ചെയ്തു.
കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് 2010, 2021 ഭേദഗതി ആക്ട്, ചട്ടം 2013 6 (3), 6 (4), 2015 ഭേദഗതി 6 (13), 2021 ഭേദഗതി ആക്ട് 6 (1) എന്നിവ പ്രകാരം ഊത്തപിടുത്തവും പ്രജനനസമയത്തുള്ള അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങളും 10, 000 രൂപ പിഴയും ആറുമാസം തടവും ലഭിക്കാവുന്ന കുറ്റങ്ങളാണ്. കുറ്റം ആവർത്തിച്ചാൽ 15,000 രൂപ പിഴയും ആറുമാസം തടവും ലഭിക്കും. പൊതുജനങ്ങളെ ഇതേപ്പറ്റി കൃത്യമായി ബോധവത്കരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫിഷറീസ് വകുപ്പ് നിർദ്ദേശം നൽകി. ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ടിനെപ്പറ്റി ബോധവത്കരിക്കാൻ ഉതകുന്ന ബോർഡുകൾ ജലാശയങ്ങൾക്ക് സമീപം സ്ഥാപിക്കും. തൃശൂരിലെ കേരള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയമാണ് ബോർഡുകൾ സ്ഥാപിക്കുന്നത്. അന്നമനട പുളിക്കകടവ്, മൂഴിക്കക്കടവ് എന്നിവിടങ്ങളിൽ ഇപ്രകാരം ബോർഡുകൾ സ്ഥാപിച്ചു. 25 ബോർഡുകൾ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും. ഉൾനാടൻ അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ 0487-2441132, 9496025534 നമ്പറുകളിൽ അറിയിക്കുകയും ചെയ്യാം.

മത്സ്യ ബന്ധനം നടത്തുന്നത് :
ഒറ്റൽ, കൂട് അടിച്ചല്, ചാട്ടം, കൂട്, കുരുത്തി പത്താഴം, കുരുത്തികൾ, കൂടുകൾ, വീശുവല, ഉടക്കുവല, ഇലക്ട്രിക് ഷോക്ക്, കലക്കൽ എന്നിവ ഉപയോഗിച്ച്.
ജലാശയങ്ങളിൽ നിന്ന് അപ്രത്യക്ഷമായവ:
നാടൻ മുഴി, നാടൻ വരാൽ, മഞ്ഞക്കൂരി ആരാൽ, കോലാൻ, മഞ്ഞിൽ, ആറ്റുവാള, വാഴക്കാവരയൻ, പച്ചില വെട്ടി എന്നീ മത്സ്യങ്ങൾ. ആമ, ഞവിണിക്ക, പലതരം പാമ്പുകൾ എന്നിവ.
നിയമ ലംഘനങ്ങൾ: 2023-24 വർഷത്തിൽ 276 പെട്രോളിംഗിനിടെ പിടികൂടിയത് 630 അനധികൃത കുരുത്തികളും വലകളും കൂടുകളും. പിഴ ഈടാക്കിയത്-34500 രൂപ.