വടക്കാഞ്ചേരി: ജില്ലയിൽ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ഭക്ഷ്യഭദ്രതാ നിയമം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ ) തലപ്പിള്ളി താലൂക്ക് കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത്.

റേഷൻ സാധനങ്ങൾ മാസാവസാനത്തോടെ കടകളിലെത്തുന്നത് മൂലം കാർഡുടമകൾ വലിയ ദുരിതത്തിലാണ്. മുഖ്യമന്ത്രിയുടെ ഉത്തരവുണ്ടായിട്ടും ഭക്ഷ്യധാന്യങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും കടകളിലെത്തുന്നില്ല. വകുപ്പിന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ജില്ലയിലെ സപ്ലൈ ഓഫീസർ, അഴിമതിക്കാരായ മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. അതേസമയം തലപ്പിള്ളി താലൂക്കിൽ കഴിഞ്ഞ മഴയിൽ വെള്ളം കയറി 9 റേഷൻ കടകളിലെ രണ്ടെണ്ണത്തിലെ ഭക്ഷ്യധാന്യങ്ങൾ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഇനിയും നീക്കം ചെയ്യാത്തതും വ്യാപാരികളെ ചൊടിപ്പിക്കുന്നു. ദിവസങ്ങളായി ഇവ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ ഗുരുതര അനാസ്ഥയാണെന്നും വ്യാപാരികൾ ആരോപിക്കുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് കെ.സേതുമാധവൻ ആരോപിച്ചു. വ്യാപാരികളെ ദ്രോഹിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 12. 30ന് തലപ്പിള്ളി താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തുമെന്നും നേതാക്കൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സെക്രട്ടറി സെബാസ്റ്റ്യൻ കോച്ചേരി,വി.ശ്രീധരൻ എന്നിവരും പങ്കെടുത്തു.

ദുർഗന്ധം വമിപ്പിച്ച് ധാന്യങ്ങൾ