തൃശൂർ: തൃശൂരിന്റെ റെയിൽവേ വികസനത്തിന് സമഗ്ര മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി ചർച്ച നടത്തി. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച. അമ്പത് വർഷം മുന്നിൽ കണ്ടുള്ള പദ്ധതിക്കാണ് രൂപം നൽകുന്നത്. മൂന്നു പ്രധാന പദ്ധതികളാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തത്. ഇതിൽ രണ്ട് പദ്ധതികൾ ചുരുക്കപ്പട്ടികയിലുണ്ട്. അടുത്ത ഘട്ടത്തിൽ തൃശൂരിൽ റെയിൽവേ ഉദ്യോഗസ്ഥർ, റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ യോഗം വിളിച്ച് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യും. ആധുനിക സൗകര്യങ്ങളോടെയാകും നവീകരണം പൂർത്തിയാക്കുക. കഴിഞ്ഞ ഫെബ്രുവരിയിൽ റെയിൽവേ സ്‌റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ നിർവഹിച്ചിരുന്നു. ഡൽഹിയിൽ ചേർന്ന യോഗത്തിൽ വാസ്തുശിൽപ്പികളടക്കം പങ്കെടുത്തിരുന്നു.
54,330 സ്‌ക്വയർ ഫീറ്റാകും പുതിയ കെട്ടിടത്തിന്റെ മൊത്തം വിസ്തീർണം. 19 പുതിയ ലിഫ്ടുകളും 10 എസ്‌കലേറ്ററുകളും പുതുതായി നിർമിക്കും. റെയിൽവേ സ്റ്റേഷനിലെ പ്രധാന പ്രശ്നമായ പാർക്കിംഗും വിപുലമാക്കും. 2,520 ചതുരശ്രയടിയാണ് ഇപ്പോൾ പാർക്കിംഗിനുള്ളത്. ഇത് 10,653 ചതുരശ്ര അടിയാക്കും.
കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ ആദ്യമായി മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനവും കൊണ്ടുവരും. റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനുമായി പ്രത്യേകം കവാടങ്ങളും പുതിയ നിർമിതിയിൽ ഉണ്ടാകും. റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ വരുമാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികളും നവീകരണത്തിൽ ഉൾപ്പെടുന്നുണ്ട്.
അതിവിശാലമായ ഹോട്ടലാണ് അതിലൊന്ന്. 11 ടിക്കറ്റ് കൗണ്ടർ, കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും വാഹനങ്ങൾക്കുമായി പ്രത്യേക പാത, ജീവനക്കാർക്കായി അപ്പാർട്ട്മെന്റ് കോംപ്ലക്‌സ്, വീതിയേറിയ രണ്ട് നടപ്പാലങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
അടുത്ത 50 വർഷത്തേക്കുള്ള മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചതിൽ സന്തോഷമുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും റെയിൽവേ ഉദ്യോഗസ്ഥരും വാസ്തുശിൽപ്പികളുമാണ് യോഗത്തിൽ പങ്കെടുത്തത്. വികസനം വരുന്നതോടെ തൃശൂർ സ്റ്റേഷൻ ഉന്നത നിലവാരത്തിലാകും.
- സുരേഷ് ഗോപി, കേന്ദ്രമന്ത്രി