kdr
1

കൊടുങ്ങല്ലൂർ : അഴീക്കോട്- മുനമ്പം ബോട്ട് സർവീസ് നിലച്ചിട്ട് മാസം ഒന്നാകുമ്പോൾ അക്കരെയെത്താൻ പെടാപ്പാടിലാണ് യാത്രക്കാർ. മുനമ്പത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം പുതിയ ബോട്ട് ജെട്ടിക്കായി കണ്ടെത്തി ധാരണയായിട്ടും ബദൽ ബോട്ട് ജെട്ടിയുടെ നിർമ്മാണം ഇതുവരെയും ആരംഭിച്ചിട്ടില്ല. 2025 ഓടെ അഴീക്കോട്- മുനമ്പം പാലം നിർമ്മാണം പൂർത്തിയാകുമെന്നതിനാൽ വലിയ സാമ്പത്തിക ചെലവിൽ പുതിയൊരു ജെട്ടി നിർമ്മിക്കേണ്ടെന്നുള്ള ജില്ലാ പഞ്ചായത്ത് നിലപാടാണ് നടപടികളെ പിറകോട്ടടിക്കുന്നതെന്നാണ് സൂചന.
അഴീക്കോട്- മുനമ്പം പാലം നിർമ്മാണം നടക്കുന്നതിനാലാണ് ബോട്ട് സർവീസ് നിറുത്തിയത്. നിർമ്മാണ സ്ഥലത്തു നിന്ന് മാറി മറ്റൊരിടത്ത് ബോട്ട് അടുപ്പിക്കാൻ കഴിഞ്ഞാൽ മാത്രമെ സർവീസ് പുനരാരംഭിക്കാൻ കഴിയൂവെന്നാണ് ആദ്യം അധികൃതരുടെ നിലപാട്. ബദൽസ്ഥലം സംബന്ധിച്ച് ധാരണയായതോടെ പാലം ഉടൻ വരുന്നതിനാൽ ഇനി ജെട്ടി വേണ്ടതുണ്ടോ എന്നായി.
തീരദേശത്തെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് അധികൃതർ അടിയന്തരമായി തയ്യാറാകണമെന്ന് അഴീക്കോട് മുനമ്പം പാലം സമരസമിതി ആവശ്യപ്പെട്ടു. അഡ്വ. ഷാനവാസ് കാട്ടകത്ത് അദ്ധ്യക്ഷനായി. പി.എ. സീതി, കെ.എം. മുഹമ്മദുണ്ണി, ഇ.കെ. സോമൻ, പി.എ. കരുണാകരൻ, എൻ.എസ്. ഷിഹാബ്, സി.എ. റഷീദ്, കെ.ടി. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

വലയുന്നത് നൂറുകണക്കിന് യാത്രികർ
ദിനംപ്രതി നൂറ് കണക്കിന് ആളുകൾ യാത്ര ചെയ്തിരുന്ന ബോട്ട് സർവീസ് നിലച്ചതോടെ മറ്റ് യാത്രാ മാർഗങ്ങളില്ലാതെ യാത്രക്കാർ ദുരിതത്തിലാണ്. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും തൊഴിലാളികളും തീരമേഖലയിലെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ബോട്ട് സർവീസ് നിലച്ചതോടെ മാല്യങ്കര വഴി മൂത്തുകുന്നം 12 കിലോമീറ്റർ ചുറ്റിവളഞ്ഞാണ് ജോലി സ്ഥലത്ത് എത്തുന്നത്. ഇതുമൂലം മണിക്കൂറുകളുടെത് മാത്രമല്ല, വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു.