കൊടുങ്ങല്ലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രൈബ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നും 5 ലക്ഷം രൂപ നൽകാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. വയനാട് ദുരന്തത്തിൽ കൽപ്പറ്റയിലെ ആധാരം എഴുത്തുകാരൻ ശ്രീനിവാസനും മകൻ ശ്രീലേഷിനും ജീവൻ നഷ്ടപ്പെട്ടു. അവരുടെ നിരാലംബരായ കുടുംബത്തെ സംരക്ഷിക്കുന്നതിനും ഉരുൾപൊട്ടലിന് മുമ്പേ ജീവൻ പൊലിഞ്ഞ വയനാട് ജില്ലാ സെക്രട്ടറി സതീശന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും വീട് വച്ച് നൽകുന്നതിനുമായാണ് പണം സമാഹരിക്കുന്നത്.
സെപ്തംബർ മൂന്നിന് തൃശൂർ ജവഹർ ബാലഭവനിൽ ചേരുന്ന ജില്ലാ ജനറൽ ബോഡിയോഗത്തിൽ വച്ച് ഫണ്ട് സംസ്ഥാന നേതാക്കൾക്ക് കൈമാറും. യോഗം സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഒ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി. പ്രകാശ്കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി തോമസ് വടക്കൻ, എം.പി. ശശിധരൻ, സിനീഷ് പുന്നക്കുഴി, ടി.എച്ച്. അഷ്‌കർ, കെ.ആർ. സൗമ്യ, ഒ.കെ. സോമൻ, ടി.പി. ബാലൻ, കൊച്ചുമാത്യു തുടങ്ങിയവർ സംസാരിച്ചു.