1

വടക്കാഞ്ചേരി: മണ്ണിനോട് മല്ലടിച്ച് കൃഷി ചെയ്യാൻ കർഷകർ, വിളവെടുക്കാൻ മോഷ്ടാവ്. അകമല കണ്ണംപാറ റോഡിൽ അരിശേരിയിലെ സ്ഥിതിയാണിത്. സങ്കടകടലിലായ കർഷകർ സംഘടിച്ച് ഒടുവിൽ തോട്ടത്തിൽ അന്തിയുറങ്ങാൻ തീരുമാനിച്ചു. കള്ളനെ പിടികൂടുകയായിരുന്നു ലക്ഷ്യം. ഓട്ടോറിക്ഷയിൽ മോഷണത്തിനായി പതിവായെത്തുന്ന യുവാവ് ഇതോടെ കുടുങ്ങി.

മൂന്നു കുലകൾ വെട്ടിയെടുത്ത് മടങ്ങാൻ ശ്രമിക്കുന്നതിനിടെ കർഷകർ ഓട്ടോ വളഞ്ഞു. ഇതോടെ അക്രമാസക്തനായി മോഷ്ടാവ്. ഭാഗ്യം കൊണ്ടാണ് കർഷകർ രക്ഷപെട്ടത്. ഇതോടെ കൈയിലെ വെട്ടുകത്തി കൊണ്ട് ഒരു കർഷകൻ ഓട്ടോയുടെ ടയർ വെട്ടിപ്പൊളിച്ചു. ഇതോടെ മോഷ്ടാവ് ചേലക്കര നെന്മനത്തുപറമ്പിൽ അജിത് കൃഷ്ണൻ (24) കുടുങ്ങി.

കഴിഞ്ഞ 5 വർഷമായി പ്രദേശത്ത് നിന്നും വാഴക്കുലകൾ മോഷണം പോകുന്നത് പതിവാണത്രെ. നാട്ടിലെ ഏതാനും പേർ സംശയനിഴലിലുമായിരുന്നു. ഈ സീസണിൽ മാത്രം 10 കുലകളാണ് നഷ്ടപ്പെട്ടത്. ഗുരുവായൂരിലെ മൊത്തവിപണന സ്ഥാപനത്തിന് കുലയൊന്നിന് ആയിരം രൂപ നിരക്കിൽ വിൽപ്പന നടത്തിയതാണ് ഈ തോട്ടം. വിളവെടുക്കാൻ അവരെത്തും മുൻപാണ് മോഷ്ടാവിന്റെ വിളവെടുപ്പ്. പ്രതിയെയും ഓട്ടോറിക്ഷയും വടക്കാഞ്ചേരി പൊലീസിന് കൈമാറി.