dog-
തെ​രു​വ് നാ​യ്

തൃശൂർ: തെരുവുനായ്ക്കൾ കുട്ടികളെയും സ്ത്രീകളെയും നിരന്തരം ആക്രമിക്കുകയാണെന്ന് കോർപറേഷൻ കൗൺസിലിൽ വ്യാപക പരാതി. നായകളുടെ പ്രജനനം നിയന്ത്രിക്കുന്ന എ.ബി.സി പദ്ധതി സംബന്ധിച്ച ചർച്ചക്കിടെയായിരുന്നു പരാതി പ്രളയം. എ.ബി.സി പദ്ധതിയിൽ മാത്രമായി ചർച്ച പരിമിതപ്പെടുത്തണമെന്ന് മേയർ എം.കെ.വർഗീസ് ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ വഴങ്ങിയില്ല. അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി പൂർണ പരാജയമെന്നും തന്റെ ഡിവിഷനിൽ 200 നായ്ക്കളെയെങ്കിലും കാണിച്ചുതരാമെന്നും എ.കെ സുരേഷ് വെല്ലുവിളിച്ചു. സ്‌കൂളിലേക്കു പോകുന്ന കുട്ടികളുടെ യൂണിഫോമിൽ കടിച്ച സംഭവമുണ്ടായെന്ന് ജോൺ ഡാനിയൽ പറഞ്ഞു. ആക്രമണകാരികളായ നായ്ക്കളെ പ്രത്യേകസ്ഥലത്താക്കി ജനങ്ങളെ രക്ഷിക്കണമെന്ന് ലാലി ജെയിംസ് ആവശ്യപ്പെട്ടു. ശാശ്വതപരിഹാരമാണ് വേണ്ടതെന്ന കാര്യത്തിൽ ഭരണപക്ഷവും യോജിച്ചു. എ.ബി.സി ഏജൻസി ജീവനക്കാർക്ക് മാർച്ച് മാസവേതനത്തിനുള്ള 2.40 ലക്ഷം രൂപ തനതുഫണ്ടിൽ നിന്നും അനുവദിച്ചതിന് അംഗീകാരം തേടിയിരുന്നു. എ.ബി.സി പദ്ധതിയനുസരിച്ച് നായ്ക്കൾക്ക് വന്ധ്യംകരണം നടത്തിയശേഷം പിടികൂടിയ പ്രദേശത്തുതന്നെ ഇറക്കിവിടുകയാണ്. ഇതും ക്രമപ്രകാരമല്ലെന്നും പരാതിയുണ്ടായി. നായ ശല്യം ഇല്ലാതാക്കുന്നതായി മേയർ പ്രഖ്യാപിച്ച കൂടും നായയും പദ്ധതി എങ്ങുമെത്തിയിട്ടില്ലെന്ന് കൗൺസിലർമാർ പറഞ്ഞു.


കെട്ടിടങ്ങൾ സുരക്ഷിതമല്ല

നഗരത്തിലെ പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ നടപടി കൈക്കൊള്ളണമെന്ന് പ്രതിപക്ഷം. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകാനുള്ള നടപടികൾ എടുക്കണമെന്ന് പ്രതിപക്ഷനേതാവ് രാജൻ പല്ലൻ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം തയ്യാറാക്കിയ 149 ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ ലിസ്റ്റ് ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണെന്നും പറഞ്ഞു. പുലികളിക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ പുലിമുഖങ്ങളും ധരിച്ചാണ് യോഗത്തിനെത്തിയത്.

ശുചീകരണം പാളി


മാലിന്യം നീക്കം ചെയ്യാൻ പലയിടത്തും ആരും എത്തുന്നില്ലെന്ന് ആക്ഷേപം. കുരിയച്ചിറയിലും പദ്ധതി പരാജയമായി. ഡെങ്കി, എച്ച് വൺ എൻ വൺ, മലമ്പനി എന്നിവയും വർദ്ധിച്ചെന്ന് വിമർശിച്ചു. ശക്തനിലെ ശുചീകരണപ്ലാന്ററിൽ 10 % പണികൾ മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു. അതേസമയം മാലിന്യസംസ്‌കരണത്തിൽ തൃശൂർ സംസ്ഥാനത്തിനു മാതൃകയാണെന്നും മുന്നിലാണെന്നും മേയർ അവകാശപ്പെട്ടു. മാലിന്യം നീക്കാത്തയിടങ്ങളിൽ ഹരിതകർമസേന എത്തി പരിഹാരമുണ്ടാക്കുന്നതായി വിശദീകരിച്ചു. മികച്ച രീതിയിൽ പ്രവർത്തിക്കാൻ എല്ലാവരുടെ സഹകരണവും വേണമെന്നും മേയർ ചൂണ്ടിക്കാട്ടി.