തൃശൂർ: സ്വാഭാവിക ഒഴുക്ക് കുറയുന്ന മണലിപ്പുഴ നവീകരിക്കാൻ റിവർ മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചു ചേർക്കുമെന്ന് ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്, അംഗം കെ.വി. സജു എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. വർഷങ്ങളായി ചണ്ടിയും, മരങ്ങളും മറ്റും അടിഞ്ഞുകൂടിയും അനധികൃത കൈയ്യേറ്റങ്ങളും എക്കൽ അടിഞ്ഞും ഷട്ടറുകളുടെ കേടുപാട് കൊണ്ടും സ്വാഭാവിക ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. പ്രളയത്തിൽ കാര്യമായ നാശനഷ്ടവുമുണ്ടായി. പാണഞ്ചേരി, നടത്തറ, പുത്തൂർ, തൃക്കൂർ, അളഗപ്പനഗർ, നെന്മണിക്കര, കോർപറേഷന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ 2016ൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പുഴയുടെ ആറ് പ്രദേശങ്ങൾ വൃത്തിയാക്കിയത് ഒഴിച്ചാൽ മറ്റ് പ്രവൃത്തികൾ നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് കമ്മിറ്റി യോഗം വിളിച്ചു ചേർക്കാൻ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.