1


തൃശൂർ: ഓൺലൈൻ തട്ടിപ്പുകാർ നൽകുന്ന സാമ്പത്തിക വാഗ്ദാനം ഇരകളെക്കൊണ്ട് വിശ്വസിപ്പിക്കാൻ സോഷ്യൽമീഡിയ ഗ്രൂപ്പുകളും. ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻതുക കരസ്ഥമാക്കാമെന്ന് വിശ്വസിപ്പിക്കുന്നു. ഇതിൽ താത്പര്യം പ്രകടിപ്പിക്കുന്നവരെയാണ് ടെലിഗ്രാം, വാട്‌സാപ് ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിക്കുന്നത്.

തങ്ങൾക്ക് ലഭിച്ച വൻതുകയെപ്പറ്റി ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ പറയുന്നുണ്ടാകും. ലഭിച്ചതിന്റെ സ്‌ക്രീൻ ഷോട്ടുകളും പങ്കുവയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ പണം തട്ടാൻ സംഘം ഉദ്ദേശിക്കുന്നയാൾ ഒഴികെയുള്ളവരെല്ലാം തട്ടിപ്പുസംഘാംഗങ്ങളായിരിക്കും. വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താനും ആവശ്യപ്പെടും. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ് നടത്താറ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അധികലാഭം നൽകും. ഇതോടെ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും.

നിക്ഷേപത്തിന്റെ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്‌ക്രീൻ ഷോട്ടിടും. എന്നാലിത് പിൻവലിക്കാനാകില്ലെന്ന് വൈകിയാണ് മനസിലാകുക. പണം പിൻവലിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ജി.എസ്.ടിയുടെയും കൈകാര്യ ചെലവിന്റെയും പേരിൽ കൂടുതൽ പണം ആവശ്യപ്പെടും. ചിലർ നൽകും. ചിലർക്ക് തുടർച്ചയായി ആവശ്യപ്പെടുമ്പോൾ സംശയം തോന്നി പൊലീസിൽ പരാതിപ്പെടും. അപ്പേഴേക്കും വൻതുക നഷ്ടപ്പെട്ടിട്ടുണ്ടാകും. ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ പവറട്ടി, അയ്യന്തോൾ സ്വദേശികൾക്ക് ഈയിടെ നഷ്ടപ്പെട്ടത് 1.17 കോടിയാണ്. പാവറട്ടി സ്വദേശിനിയിൽ നിന്ന് 71,28,000 രൂപയും അയ്യന്തോൾ സ്വദേശിയിൽ നിന്ന് 46,65,524 രൂപയുമാണ് നഷ്ടപ്പെട്ടത്. ഇവരെ ഗ്രൂപ്പിൽ ചേർത്ത് ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ സംഭവത്തിൽ കൊല്ലം സ്വദേശികളായ മൂന്നു പേർ അറസ്റ്റിലായിരുന്നു.

സ്‌ക്രീൻഷോട്ടിൽ കാണിക്കുന്ന തുക ഒരിക്കലും പിൻവലിക്കാനാകില്ല. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണം. ഉടൻ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിനിരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതിപ്പെടാം.