1

ചാലക്കുടി: ജനവാസ മേഖലയിലെ കാട്ടാനകളുടെ സ്വൈര്യവിഹാരം കൊണ്ട് കൊടിയ ദുരിതത്തിലാണ് അതിരപ്പിള്ളി പഞ്ചായത്ത്. മലക്കപ്പാറ റോഡിൽ തുമ്പൂർമുഴി മുതൽ എല്ലായിടത്തും ആനശല്യം പതിവുസംഭവം. ഇപ്പോഴത്തെ സംവിധാനം ഉപയോഗിച്ച് ഇവയെ തുരത്താൻ കഴിയാതെ നട്ടംതിരിയുകയാണ് വനപാലക‌ർ. സർക്കാർ വക എണ്ണപ്പനത്തോട്ടത്തിൽ തിന്നുതിമിർത്ത് നടക്കുന്ന ആനകൾ തൊട്ടടുത്ത പുഴയിൽ നിന്നും വെള്ളം കുടിച്ച് ദാഹമകറ്റാറുണ്ട്. ഇതിനുള്ള പോക്കുവരവുകൾക്കിടയിലാണ് റോഡ് കൈയേറ്റവും മറ്റും. ചിലപ്പോൾ ഒരു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെടുക പതിവാണ്.

എണ്ണപ്പന കൂടാതെ വീട്ടുവളപ്പിലെത്തി ആനക്കൂട്ടം കാർഷിക വിളകളും നശിപ്പിക്കുന്നുണ്ട്. പലയിടങ്ങളിലും ആയിരക്കണക്കിന് നേന്ത്രവാഴകളാണ് നശിപ്പിച്ചിട്ടുള്ളത്. തെങ്ങ് അടക്കമുള്ള മറ്റു കാർഷിക വിളകളെയും ഇവ വെറുതെ വിടാറില്ല. വെറ്റിലപ്പാറയിൽ പട്ടാപകലും വീട്ടുമുറ്റത്ത് ആനകൾ എത്തുന്നുണ്ട്. പതിനഞ്ച് പ്രദേശത്ത് സ്ഥിരമായി കറങ്ങുന്ന ഏഴാറ്റുമുഖം ഗണപതി നേന്ത്ര വാഴകളിൽ ആകൃഷ്ടനാണ്. തൈ തെങ്ങുകളോടും ഇവന് ആഭിമുഖ്യമുണ്ട്.

പതിമൂന്നിലും സന്ധ്യാനേരങ്ങളിൽ ആനകൾ ഇപ്പോൾ ചുറ്റിത്തിരിയുന്നുണ്ട്. ഇവയെ ഓടിക്കാനുള്ള തത്രപ്പാടിലാണ് നാട്ടുകാ‌ർ. അതിരപ്പിള്ളി മേഖലയിൽ നാട്ടുകാരുടെ ജീവനും സ്വത്തിനുമെല്ലാം ഒരുപോലെ ആനകൾ ഭീഷണി ഉയർത്തുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും പ്രയോജനം ഉണ്ടാകുന്നില്ല. ഇവരും നിസഹായരാണ്.

ഫെൻസിംഗിനെ ബുദ്ധി കൊണ്ട് നേരിടും
പറമ്പുകൾക്ക് ചുറ്റും ഫെൻസിംഗ് ഘടിപ്പിച്ച സ്ഥലങ്ങളിലും ആനക്കൂട്ടം തന്ത്രപൂർവ്വം അതിക്രമിച്ചു കടക്കുന്നുണ്ട്. ഏതെങ്കിലും ഉണങ്ങിയ തടിക്കഷണം വൈദ്യുതി കടന്നുപോകുന്ന കമ്പികളിൽ വലിച്ചെറിഞ്ഞ് തകർക്കും .പിന്നീട് സുഗമമായി ആനകൾ തോട്ടത്തിൽ അഴിഞ്ഞാടും.