പുതുക്കാട്: കേളിത്തോട് പുതുക്കാട് പഞ്ചായത്തിൽ പ്രവേശിക്കുന്നതോടെ തോടിന്റെ ഘടന തന്നെ മാറി. ദേശീയ പാതയുടെ പടിഞ്ഞാറുവശത്ത് എത്തുന്നതോടെ കേളിത്തോട് പുതുക്കാട് പഞ്ചായത്തിൽ പ്രവേശിച്ചു. തോടിന്റെ വടക്കുവശം നെന്മണിക്കര പഞ്ചായത്താണ്. പരമ്പരാഗതമായുണ്ടായിരുന്ന കേളിത്തോട് പീച്ചി ഇറിഗേഷൻ പദ്ധതി കമ്മിഷൻ ചെയ്തതോടെ പുതുക്കാട് നെന്മണിക്കര പഞ്ചായത്തുകളിൽ പീച്ചി ഇറിഗേഷൻ പദ്ധതിയുടെ കനാലായി മാറി. കനാൽ നേരെയാക്കാൻ വേണ്ടി ഭൂമി അക്വയർ ചെയ്തു. ഇറിഗേഷൻ പ്രൊജക്റ്റിന്റെ ഭാഗമായി നിർമ്മിച്ച കനാൽ അളഗപ്പനഗർ പഞ്ചായത്തിൽ കുണ്ടുകാവ് ക്ഷേത്രത്തിന് സമീപത്ത് കേളിത്തോട്ടിൽ ചേരും. കേളിത്തോട്ടിലൂടെ എത്തിയിരുന്ന പീച്ചി ഡാമിലെ വെള്ളം ഉപയോഗിച്ച് നെന്മണിക്കര , പുതുക്കാട് പഞ്ചായത്തുകളിലെ വിശാലമായ പാലിയം പാടത്ത് ആദ്യകാലങ്ങളിൽ നെൽക്കൃഷി ചെയ്തിരുന്നു.പാലിയംപാടത്ത് കനാൽ നിർമ്മിച്ചതോടെ ഉപയോഗിക്കാതായ കേളി ത്തോട്ടിൽ ആദ്യകാലങ്ങളിൽ സമീപത്തെ കർഷകർ നെൽക്കൃഷി നടത്തിയിരുന്നു. ഓട്ടുകമ്പനികൾ മേഖലയിൽ വ്യാപകമാവുകയും നെൽക്കൃഷി നഷ്ടത്തിലായതോടെയും കർഷകർ കളിമണ്ണ് ഖനനത്തിന് കൃഷിയിടങ്ങൾ വിറ്റു. പിന്നീട് വ്യാപകമായി ഖനനം നടന്ന കൂട്ടത്തിൽ ഇറിഗേഷൻ കനാലിന്റെ ബണ്ടും മണ്ണെടുത്തു. പുതുക്കാട് നെന്മണിക്കര പഞ്ചായത്തിൽ ശേഷിച്ച കനാൽ ബണ്ടുകളിൽ വീടുകളും വച്ചു. ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് റവന്യൂവകുപ്പ് കൈവശാവകാശ രേഖയും നൽകി. വീടുകൾക്ക് പഞ്ചായത്ത് നമ്പർ നൽകി. പാലിയം പാടത്തിന്റെ പടിഞ്ഞാറുവശത്ത് റെയിൽവേ ട്രാക്കിന് അടിയിലൂടെയുള്ള കേളിത്തോട് റോഡാക്കി വേനലിൽ പുതുക്കാട് റെയിൽവേ ഗേറ്റ് ഒഴിവാക്കിയുള്ള റോഡുമാകും. മണലി പുഴയും കുറുമാലി പുഴയും തമ്മിൽ ബന്ധിപ്പിച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ഭരണാധികാരികൾ നിർമ്മിച്ചതാണ് കേളിത്തോട്. കുറുമാലി പുഴയിൽ നെന്മണിക്കര പഞ്ചായത്തിൽ പാലക്കടവിലാണ് തോട് ചേരുന്നത്. നൂറ്റാണ്ടുകൾ മുമ്പ് ഇരു പുഴകളെയും ബന്ധിപ്പിച്ച് നിർമ്മിച്ച കേളിത്തോടിന്റെ ഭൂമി ശാസ്ത്രപരമായ പ്രാധാന്യവും ചരിത്രവും അറിയാത്ത ഭരണാധികാരികളാണ് കേളിത്തോടിന്റെ നാശത്തിന് കാരണക്കാർ. അടുത്തിടെ കമ്മിഷൻ ചെയ്ത തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്നുള്ള വെള്ളം അളഗപ്പനഗർ പഞ്ചായത്തിൽ എത്തിക്കുന്നത് പീച്ചി കനാൽ വഴിയാണ്. ഈ വെളളം കേളിത്തോട് വഴി കൊണ്ടു വന്നാൽ നെന്മണിക്കര പഞ്ചായത്തിലും പുതുക്കാട് പഞ്ചായത്തിലും തരിശായി കിടക്കുന്ന കൃഷിയിടങ്ങളിൽ ലാഭകരമായി നെൽക്കൃഷി നടത്താം. ഇതിന് ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ ഉണ്ടാവേണ്ടിയിരിക്കുന്നു. (തുടരും )