road-
ഗതാഗത ഉപദേശക സമിതി യോഗം

കുന്നംകുളം: പുതിയ ബസ് സ്റ്റാൻഡിൽ പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് നഗരസഭയിൽ ചേർന്ന ഗതാഗത ഉപദേശക സമിതി യോഗം പൊലീസിനോട് ആവശ്യപ്പെട്ടു. ഓണത്തോടനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നഗരസഭ ചെയർപേഴ്‌സൺ ചേമ്പറിൽ ചേർന്ന ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. വൺവേ സമ്പ്രദായം കർശനമാക്കണം, പഴയ ബസ് സ്റ്റാൻഡിനു മുന്നിൽ ആൽത്തറ-വടക്കാഞ്ചേരി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ കയറ്റി നിർത്തണം, ഗവ.ഗേൾസ് ഹൈസ്‌കൂളിന് മുന്നിൽ നിന്നും കുട്ടികളെ കയറ്റണം, ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗ് തടയണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. സ്റ്റാൻഡിൽ ക്യാമറ സ്ഥാപിക്കുമെന്ന് കെ.ബി.ടി.എയും പറഞ്ഞു.
സ്വകാര്യ ബസുകളിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ മോശമായ പെരുമാറ്റം അനുഭവിക്കുന്നതായി നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ പറഞ്ഞു. ബസ് ജീവനക്കാരെ കൂടുതൽ ബോധവത്കരിക്കാനും ഉടമകൾ ശ്രദ്ധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
കുന്നംകുളം ട്രാഫിക് ചാർജ് എസ്.ഐ.ജോർജ്, സൗമ്യ അനിലൻ, ടി. സോമശേഖരൻ, പ്രിയ സജീഷ്, ബസ് ഉടമ സംഘം പ്രതിനിധികളായ എം. എ.ഷാജഹാൻ,ടി.എ.ഹരിദാസ്,സതീശൻ,പി.ജി. വിശ്വനാഥൻ, എം.വി. .വിനോദ്, എം.എൻ.രതീഷ് എന്നിവർ പങ്കെടുത്തു.