തൃശൂർ: പഴയ മുൻസിപ്പൽ പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ള നിരക്ക് കൂട്ടാനുള്ള ഭരണപക്ഷ നീക്കം പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധത്തെത്തുടർന്ന് വേണ്ടെന്നുവച്ചു. നികുതി വർദ്ധനവിലൂടെ ജനങ്ങൾക്ക് ഇരുട്ടടി നൽകിയ കോർപ്പറേഷൻ കുടിവെള്ള നിരക്ക് കൂടി കൂട്ടി ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ജോൺ ഡാനിയൽ എന്നിവർ പറഞ്ഞു. കുടിവെള്ള വിതരണം നിർവഹിക്കുന്ന ഏക തദ്ദേശസ്ഥാപനമായ കോർപറേഷനിലെ പഴയ മുനിസിപ്പൽ പരിധിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള അവകാശമാണ് നിലവിലുള്ള നിരക്ക്. ഇത് കവർന്നെടുക്കാൻ അനുവദിക്കില്ല. നെഹ്‌റു പാർക്കിൽ അരക്കോടി രൂപ മുടക്കി പ്രവർത്തിക്കാത്ത മ്യൂസിക് ഫൗണ്ടൻ സ്ഥാപിച്ച കോർപറേഷൻ നടപടിയിൽ വിജിലൻസ് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അരക്കോടിയിലധികം രൂപ ചെലവാക്കി സ്ഥാപിച്ച മ്യൂസിക് ഫൗണ്ടൻ പ്രവർത്തിക്കാത്തത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തണം. ചെമ്പൂക്കാവ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടും ഒരു വർഷമായി മുറികൾ അടച്ചിട്ട ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടം ഈടാക്കണമെന്നും ആവശ്യപ്പെട്ടു.