1

സംസ്ഥാനതല ഉദ്ഘാടനം 26ന്‌

തൃശൂർ: കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന ചിപ്‌സും ശർക്കരവരട്ടിയും കുടുംബശ്രീ ഫ്രഷ്‌ബൈറ്റിസ് എന്ന പേരിൽ വിപണിയിലേക്ക്. മാർക്കറ്റിംഗ് മേഖലയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ എല്ലാ സംരംഭങ്ങളെയും കൂട്ടിയോജിപ്പിച്ച് ജില്ലാതലത്തിൽ ക്ലസ്റ്റർ രൂപീകരിച്ചാണ് കുടുംബശ്രീ ബ്രാൻഡിൽ ഏകീകൃത രീതിയിൽ മികച്ച പാക്കിംഗിലും ഗുണമേന്മയിലും വിപണിയിൽ എത്തിക്കുന്നതെന്ന് കുടുംബശ്രീ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ കെ. രാധാകൃഷ്ണൻ വാർത്താസമ്മളനത്തിൽ പറഞ്ഞു.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് ഉച്ചയ്ക്ക് രണ്ടിന് പുഴയ്ക്കൽ വെഡ്ഡിംഗ് സെന്ററിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. എല്ലാ ജില്ലകളിലെയും മികച്ച ചിപ്‌സ്, ശർക്കരവരട്ടി ഉത്പാദനയൂണിറ്റുകളെ കണ്ടെത്തി രണ്ടു ഘട്ടങ്ങളിലായി പരിശീലനം നൽകി ഇത്തരത്തിലുള്ള മുന്നൂറോളം യൂണിറ്റുകളിൽ നിന്നായി എഴുന്നൂറോളം കുടുംബശ്രീ അംഗങ്ങളാണ് ഇതിന്റെ ഭാഗമാകുന്നത്.

പരിശീലനം ലഭിച്ച സംരംഭകർ ഓണം വിപണി ലക്ഷ്യമാക്കി ഉത്പാദനത്തിലാണ്. തൃശൂർ ജില്ലയിൽ 32 സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമാകും. പത്രസമ്മേളനത്തിൽ എസ്.സി. നിർമൽ, കെ. സിജുകുമാർ, സ്മിത സത്യദേവ്, ശോഭ് നാരായണൻ എന്നിവരും പങ്കെടുത്തു.