പുത്തൻചിറ : പിണ്ടാണിയിൽ തെരുവ് നായ്ക്കൾ സ്വൈരവിഹാരം നടത്തുന്നത് ജനജീവിതത്തിന് വെല്ലുവിളിയുയർത്തുന്നു. തെരുവ്‌നായകളുടെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേൽക്കുന്നത് ഏറിവരുമ്പോഴും പഞ്ചായത്ത് ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കൂട്ടമായും ഒറ്റതിരിഞ്ഞുമാണ് തെരുവ് നായകൾ ആളുകളെ ആക്രമിക്കുന്നത്. പ്രഭാത സവാരിക്കിറങ്ങുന്നവരെയും പത്രം, പാൽ വിതരണക്കാരെയും ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നു. രാത്രിയിൽ യാത്ര ചെയ്യുന്നവർക്ക് നേരെയും പലപ്പോഴും ആക്രമണങ്ങളുണ്ടാകുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മൂന്ന് സംഭവങ്ങളാണ് ഉണ്ടായത്. വീട്ടമ്മയ്ക്ക് നേരെ രണ്ട് തവണയും ബൈക്ക് യാത്രക്കാർക്ക് നേരെയും തെരുവ് നായകൾ ചാടിയടുത്തു. സമീപവാസികൾ ഓടിയെത്തിയതിനാലും ഭാഗ്യം കൊണ്ടും മാത്രമാണ് രക്ഷപ്പെട്ടത്.
വന്ധ്യംകരണ നടപടികൾ നടത്താത്തതിനാൽ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി പെരുകുന്നുമുണ്ട്. തെരുവ് നായകളുടെ എണ്ണം വർദ്ധിക്കുന്നത് തടയാൻ വന്ധ്യംകരണ നടപടികൾക്ക് പഞ്ചായത്ത് നേതൃത്വം നൽകണമെന്നും ആക്രമണം തടയാൻ സത്വര നടപടികൾ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നുമാണ് ഉയരുന്ന ജനകീയാവശ്യം.
കഴിഞ്ഞ ദിവസം മൂന്നിടത്ത്
വീട്ടമ്മ തെക്കേടത്ത് കോമളം രാവിലെ ആറിന് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നതോടെ കാർപോർച്ചിൽ കിടന്നിരുന്ന തെരുവ് നായകൾ കുരച്ച് ആക്രമിക്കാനെത്തുകയായിരുന്നു. കുടയെടുത്ത് പ്രതിരോധിച്ചതോടെ നായകൾ പിന്തിരിഞ്ഞോടി. ഉച്ചയ്ക്ക് ശേഷം മൂന്നിന് വീട്ടിന് മുൻവശത്തെ അഴയിൽ നിന്ന് തുണികളെടുക്കുമ്പോൾ കുരച്ച്‌കൊണ്ട് മൂന്ന് നായകളാണ് ഓടിയെത്തിയത്. തുണി വീശിക്കൊണ്ട് ഓടിയപ്പോൾ താഴെ വീണു. പരിസരത്തെ വീട്ടുകാരെത്തി നായകളെ ഓടിച്ചതിനാൽ രക്ഷപ്പെട്ടു. പാറമേൽ തൃക്കോവിൽ ക്ഷേത്രത്തിലേക്ക് സ്‌കൂട്ടറിലെത്തുന്നവരെ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണ്. നായകളെ നാട്ടുകാർ ഓടിക്കുന്നതിനാലാണ് സ്‌കൂട്ടർ യാത്രികർ രക്ഷപ്പെടുന്നത്.
പിണ്ടാണി പ്രദേശത്തെ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണം. പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണം. ജനങ്ങൾക്ക് ഭയം കൂടാതെ പുറത്തിറങ്ങുന്നതിന് സാഹചര്യമൊരുക്കണം.
- പി.സി. ബാബു
(പഞ്ചായത്ത് അംഗം)
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് വന്ധ്യംകരണ നടപടികൾ ഊർജിതമാക്കും. കർശന നടപടികൾ സ്വീകരിക്കുമ്പോൾ പുറത്തുനിന്നുള്ള നായ സ്‌നേഹികളുടെ ഇടപെടൽ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.
-റോമി ബേബി
(പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ്)