kuzhi

സംസ്ഥാന പാതയിലെ കുഴിയടക്കൽ പുല്ലൂറ്റ് പ്രദേശത്ത് നാട്ടുകാർ തടയുന്നു.

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ-ഷൊർണ്ണൂർ സംസ്ഥാനപാതയിൽ ടാറിട്ട് അറ്റകുറ്റപ്പണി നടത്തേണ്ടതിന് പകരം വീണ്ടും മണ്ണിട്ട് കുഴികൾ അടയ്ക്കാനുള്ള കരാറുകാരന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. പുല്ലൂറ്റ് പ്രദേശത്തെ കുഴി അടയ്ക്കലാണ് നാട്ടുകാർ തടസ്സപ്പെടുത്തിയത്. കുഴിയടയ്ക്കൽ തടസ്സപ്പെടുത്തിയതോടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ നിലപാടിൽ ഉറച്ചുനിന്നു. കുഴിയടയ്ക്കൽ തട്ടിക്കൂട്ടാണെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 21നും നാട്ടുകാർ രംഗത്തെത്തിയതോടെ അന്നും കുഴിയടയ്ക്കൽ തടസ്സപ്പെട്ടിരുന്നു.
സംസ്ഥാനപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുല്ലൂറ്റ് പ്രദേശത്ത് നടന്നിട്ടില്ല. കരുപ്പടന്ന പാലം മുതൽ പുല്ലൂറ്റ് പാലം വരെയുള്ള പ്രദേശത്ത് അറ്റകുറ്റപ്പണികൾ നടക്കാത്തത് മൂലം റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ട അവസ്ഥയാണുള്ളത്. ഇടയ്ക്കിടെ റോഡിലെ കുഴികളിൽ മണ്ണിടുക മാത്രമാണ് ചെയ്യുന്നത്. കുഴികളിൽ ഇടുന്ന മണ്ണ് അപ്പോൾ തന്നെ ഇളകി റോഡിൽ പരക്കുന്നത് മൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പ്രദേശമാകെ പൊടി പറന്ന് വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും ഉയരുന്ന ഈ സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സാമൂഹിക പ്രവർത്തകനായ ഷഹിൻ കെ. മൊയ്തീൻ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് സെക്രട്ടറി കെ.ബി. ഗിൽസൺ, പ്രസിഡന്റ് സുരേഷ് ബാബു, എം.എ. ഇബ്രാഹിം, സിറാജ് എന്നിവർ നേതൃത്വം നൽകി.

തട്ടിക്കൂട്ട് പണിയെന്ന് നാട്ടുകാർ
കുഴികളിൽ ആവശ്യത്തിന് മെറ്റലിടാതെയും ടാർ ഒഴിക്കാതെയും മെറ്റൽ പൊടിയിട്ട് തട്ടിക്കൂട്ട് നടത്തുകയാണ് കരാറുകാരനെന്നാണ് നാട്ടുകാരുടെ ആരോപണം. നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന സംസ്ഥാന പാതയിൽ ഇതുമൂലം അടുത്ത ദിവസം മുതൽ വീണ്ടും കുണ്ടും കുഴികളുമായി റോഡ് മാറുകയാണ്. വരുംദിവസങ്ങളിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഇത്തരം പ്രവർത്തനങ്ങൾ എന്ത് വില കൊടുത്തും തടയുമെന്നും നാട്ടുകാർ പറഞ്ഞു.