കുന്നംകുളം: 16 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അറുപതുകാരൻ അറസ്റ്റിൽ. പെങ്ങാമുക്ക് സ്വദേശി അബൂബക്കറിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൂലിപ്പണിക്കാരനായ പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
തുടർന്ന് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. കുട്ടിയുടെ ബന്ധുക്കൾ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.