വെള്ളപ്പൊക്കവും അതിതീവ്രമഴയും മണ്ണിടിച്ചിലുമെല്ലാം കിണറുകളെയും മറ്റ് ജലാശയങ്ങളെയും കൂടുതൽ മലിനമാക്കിക്കൊണ്ടിരിക്കുകയാണ്. കടുത്ത വേനലിലും ശുദ്ധജലക്ഷാമം അനുഭവപ്പെടാത്ത തരത്തിൽ ജലസമ്പത്തിനെ കാത്തുവെയ്ക്കുമ്പോഴും ഇന്ന് കുടിവെളളസ്രോതസുകൾ കേരളത്തിന് അന്യമായിക്കൊണ്ടിരിക്കുകയാണ്. മലിനീകരണം എന്ന മഹാവിപത്ത് ജലാശയങ്ങളെ ഭീതിദമായി പിടികൂടിക്കഴിഞ്ഞു. വെള്ളം കൂടുതൽ മലിനമാകുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ തുടങ്ങിയ ജലപരിശോധനകൾ വ്യക്തമാക്കുന്നതും അതാണ്. അതുകൊണ്ടു തന്നെ പദ്ധതി കൂടുതൽ സ്‌കൂളുകളിലേക്കും നടപ്പാക്കാനുളള ശ്രമങ്ങൾക്ക് വേഗം കൂടിയിട്ടുണ്ട്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ മുന്നൂറോളം ലാബുകൾ കൂടി വരുന്നുണ്ട്. തൃശൂർ ജില്ലയിലും കൂടുതൽ ലാബുകൾക്കായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെയാണ് ഹരിതകേരളം മിഷൻ പദ്ധതി നടപ്പാക്കുന്നത്. ഹയർസെക്കൻഡറി സ്‌കൂളിലെ രസതന്ത്ര ലാബുകളോട് ചേർന്നാണ് സൗജന്യമായ ജലപരിശോധന ലാബുകൾ ഒരുക്കുന്നത്.
എം.എൽ.എ ഫണ്ടും പഞ്ചായത്തുകളുടെ ഫണ്ടും ഉപയോഗിച്ചാണ് ചിലയിടങ്ങളിൽ ലാബ് നിർമ്മിച്ചത്. പത്തനംതിട്ട മുതൽ എറണാകുളം വരെ മുന്നൂറോളം ലാബുകൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ സഹായത്തോടെയാണ് പൂർത്തിയാക്കുന്നത്. സ്‌കൂളിലെ ശാസ്ത്രാദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശോധനയ്ക്കായുള്ള പരിശീലനം നൽകി. നശിച്ചുകൊണ്ടിരിക്കുന്ന കിണറുകളെ തിരിച്ചു കൊണ്ടുവരാനും, ഉപയോഗിക്കാതെ കിടക്കുന്ന കിണർ ജലം ഉപയോഗിക്കാനും ജലപരിശോധന സഹായകമാകും. കിണർ ജലത്തിന് പുറമേ മറ്റ് ജലസ്രോതസിലെയും ഗുണനിലവാരം തുടർന്ന് പരിശോധന നടത്തുന്ന കാര്യം ഹരിതകേരളം മിഷന്റെ പരിഗണനയിലുണ്ട്.
ഒരു പഞ്ചായത്തിൽ ഒരു ലാബ്
ഓരോ പഞ്ചായത്തിലും ലാബ് ഒരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പരിശോധനയെ തുടർന്ന് കോളിഫോം ബാക്ടീരിയയുടെയും ഫ്‌ളൂറൈഡിന്റെയും അമോണിയയുടെയും സാന്നിദ്ധ്യവും പി.എച്ച്. മൂല്യവും നിർണയിച്ച് ഹെൽത്ത് കാർഡ് നൽകും. നിറം, ഗന്ധം, ലവണ സാന്നിദ്ധ്യം, ലയിച്ചു ചേർന്നിട്ടുള്ള ഖര പദാർത്ഥങ്ങളുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം തുടങ്ങി 70 ശതമാനത്തോളം പരിശുദ്ധി അറിയാം. സംസ്ഥാനത്ത് 600 ഓളം ലാബ് തുടങ്ങി 60 ലക്ഷത്തിലേറെയുള്ള കിണറ്റിലെ ജലം പരിശോധിച്ച് ഉപയോഗയോഗ്യമാണോ എന്ന് നിശ്ചയിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ സ്‌കൂളിൽ നിന്നുമുള്ള പരിശോധനാഫലം സംസ്ഥാനതലത്തിലേക്ക് അയക്കും. എല്ലാ പരിശോധനാ ലാബുകളിലെയും റിപ്പോർട്ടുകൾ ജില്ലാ മെഡിക്കൽ ഓഫീസർക്കും, അതത് പഞ്ചായത്തുകൾക്കും നൽകും.
തൃശൂർ ജില്ലയിൽ നിലവിലുള്ളത് 54 ലാബുകളാണ്. ലാബുകൾ തുടങ്ങാൻ ലക്ഷ്യമിടുന്നത് വടക്കാഞ്ചേരി, കയ്പ്പമംഗലം നിയോജകമണ്ഡലങ്ങളിലും തൃശൂർ കോർപറേഷൻ പരിധിയിലുമാണ്. ഒരു ലാബ് തുടങ്ങാൻ ചെലവ് ഏതാണ്ട് ഒന്നര ലക്ഷം രൂപവരും. കിണറുകളിലെ വെള്ളം മലിനമാണെന്ന് കണ്ടാൽ ഉടൻ അക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കുമെന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ അവിടെ ജലം ശുദ്ധമാക്കാനുള്ള അടിയന്തര നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സി.ദിദിക പറയുന്നു.
വേനൽക്കാലത്തും പരിശോധന
മൂന്നുവർഷം മുൻപാണ് വേനൽക്കാല ജലപരിശോധനകൾ തുടങ്ങിയത്. ശുദ്ധജലക്ഷാമം പരിഹരിക്കാനും വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും ജലജന്യരോഗങ്ങളുടെ വ്യാപനം തടയാനും ലക്ഷ്യമിട്ട് ഹയർ സെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് അന്നു മുതൽ ലാബുകൾ ഒരുക്കിയത്. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തിയാണ് ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്ന പദ്ധതി തുടങ്ങിയത്. ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എം.എൽ.എമാരുടെ പ്രത്യേക വികസന നിധിയിൽ നിന്നാണ് പദ്ധതി തുക കണ്ടെത്താൻ തീരുമാനിച്ചത്. കെമിസ്ട്രി അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കെമിസ്ട്രി പഠിക്കുന്ന വിദ്യാർത്ഥികളാണ് ആദ്യം മുതൽക്കേ ഈ പരിശോധനകൾക്ക് നേതൃത്വം വഹിച്ചത്.
കിണർ ജലം ഉൾപ്പെടെയുള്ള ജലസ്രോതസുകളിലെ മലിനീകരണം സംബന്ധിച്ച് പഠനവും ഇതോടൊപ്പം ഓരോ സ്‌കൂളുകളിലും ഐ.ടി മിഷന്റെ സഹായത്തോടെ നടത്തിയിരുന്നു. അടിയന്തരമായി ജലപരിശോധന നടത്തേണ്ട സ്ഥലങ്ങൾ പഞ്ചായത്ത് കമ്മിറ്റി നിശ്ചയിച്ച ശേഷം വെള്ളം പരിശോധനയ്ക്ക് എടുത്ത് സൗജന്യമായി പരിശോധനാഫലം ലഭ്യമാക്കാനാണ് തുടക്കത്തിലേ ലക്ഷ്യമിട്ടത്. പരിഹാരമാർഗങ്ങൾ നൽകി, പ്രത്യേകം സ്ഥലങ്ങളിലെ മാലിന്യപ്രശ്‌നങ്ങൾ പഠിച്ചായിരുന്നു പദ്ധതി മുന്നോട്ടുപാേയത്.
ആയിരം ടെസ്റ്റുകൾ നടത്താനുളള റീ ഏജന്റുകളാണ് മൂന്ന് വർഷം മുൻപ് തുടക്കത്തിൽ ജില്ലയിൽ വിതരണം ചെയ്തത്. കളക്‌ഷൻ ബോട്ടിലുകളും സ്‌കൂളുകളിലുണ്ട്. കെമിസ്ട്രി പഠിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമാണ് പരിശീലനം നൽകിയത്.
പെരുമഴക്കാലത്തെ മാലിന്യം
മുൻകാലങ്ങളേക്കാൾ കൂടുതൽ മഴലഭിച്ച വർഷങ്ങളാണ് കടന്നുപോയത്. അതിനാൽ ഭക്ഷ്യവിഷബാധ ഒഴിവാക്കാനും ജലജന്യരോഗങ്ങൾ തടയാനുമായി ചില ജില്ലകളിൽ ആരോഗ്യവകുപ്പ് വ്യാപകപരിശോധനയ്ക്ക് പദ്ധതികൾ ഒരുക്കിയിരുന്നു. മലിനമായ ആഹാരത്തിലൂടെ പകരുന്ന വയറിളക്ക രോഗങ്ങൾക്കു പുറമെ കോളറ, ഷിഗെല്ല, അമീബിയാസിസ്, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ കൂടി പ്രതിരോധിക്കുകയായിരുന്നു ലക്ഷ്യം. ഭക്ഷ്യവിഷബാധകൾക്ക് കുടുംബത്തിലെ ചടങ്ങുകളിലെയും വിവാഹസത്ക്കാരങ്ങളിലെയും ഭക്ഷണം ഉൾപ്പെടെ വില്ലനായി മാറുന്നുണ്ട്. ഐസ്‌ക്രീം, സിപ് അപ്, ജൂസുകൾ തുടങ്ങിയവയും രോഗം വരുത്തിവച്ചിട്ടുണ്ട്. ജില്ലയിൽ കുടിവെള്ള പരിശോധനകളിൽ ഇ- കോളി, കോളിഫോം, വിബ്രിയോ കോളറ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുമുണ്ട്.
ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത, ലവണ സാന്നിദ്ധ്യം,
ഖര പദാർത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം...ഇങ്ങനെ നിരവധി പരിശോധനകൾ നടത്തി ജലാശയങ്ങളിലെ വെളളം മലിനമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും മാലിന്യങ്ങൾ വീടിന് പുറത്തേക്ക് തള്ളുന്ന തെറ്റായ ശീലങ്ങളും സംസ്കാരവും ഇനിയും ഒഴിഞ്ഞിട്ടില്ലെന്നാണ് ചില വാർത്തകൾ കാണുമ്പാേൾ വ്യക്തമാകുന്നത്.