1

തൃശൂർ: ഹൃദയശസ്ത്രക്രിയയ്ക്കിടെ രോഗിയുമായി ബന്ധിപ്പിക്കുന്ന അനുബന്ധ ചികിത്സാ ഉപകരണങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന സുപ്രധാന ജോലി നിർവഹിക്കുന്ന പെർഫ്യൂഷനിസ്റ്റ് ഇല്ലാത്തതിനാൽ ഇനി ഗവ. മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങില്ല. അവധിയിലായ പെർഫ്യൂഷനിസ്റ്റിന് പകരം താത്കാലികമായി നിയമനം നടത്താൻ കളക്ടർ അർജുൻ പാണ്ഡ്യൻ ഇടപെട്ടു. നിലവിലുണ്ടായിരുന്ന പെർഫ്യൂഷനിസ്റ്റ് വിദേശ ജോലി തേടി നീണ്ട അവധിയിലായതിനാൽ രണ്ടാഴ്ചയായി ശസ്ത്രക്രിയ തടസപ്പെട്ടിരുന്നു.

പകരം നിയമനം ഉണ്ടാകുന്നതുവരെ ശസ്ത്രക്രിയ നടത്താനാവില്ലെന്ന നിലയായിരുന്നു. പെർഫ്യൂഷനിസ്റ്റിന് വിദേശത്ത് ജോലിക്ക് പോകാൻ അവധി നൽകിയതാണ് ഗുരുതര പ്രതിസന്ധിക്കിടയാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. മുന്നറിയിപ്പും കൂടിയാലോചനയും നടത്താതെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിദേശത്ത് പോകാൻ ലീവ് അനുവദിച്ചതെന്നായിരുന്നു വിമർശനം. രോഗികളുടെ ചികിത്സ മുടങ്ങാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കിയില്ലെന്നും പരാതി ഉയർന്നു. ഉത്തരവ് ഓഫിസിൽ എത്തിയപ്പോഴാണ് മെഡിക്കൽ കോളേജ് അധികൃതർ അറിയുന്നതെന്നാണ് പറയുന്നത്. പെർഫ്യൂഷനിസ്റ്റിന്റെ ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതർ വിശദീകരണം നൽകിരിക്കെയാണ്, കളക്ടറുടെ നിർണായക ഇടപെടൽ.


ആയിരങ്ങൾക്ക് ആശ്രയം


മെഡിക്കൽ കോളേജിലെ ഹൃദയശസ്ത്രക്രിയ ആയിരങ്ങൾക്ക് ആശ്രയമാണ്. ഒഴിച്ചുകൂടാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമാണ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ചെയ്യുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ അങ്ങനെയല്ലെന്ന് രോഗികൾ പറയുന്നു. പെർഫ്യൂഷനിസ്റ്റ് ഇല്ലെങ്കിൽ ഡോക്ടർക്ക് ഹൃദയം തുറന്ന് ശസ്ത്രക്രിയ ചെയ്യാൻ കഴിയില്ല. ഒഴിവ് താത്കാലികമായി നികത്തുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകും.

കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്നത് നൂറിലേറെ രോഗികൾ

ശസ്ത്രക്രിയ നടത്തുന്നത് ആഴ്ചയിൽ രണ്ട് രോഗികൾക്ക് മാത്രം

കാത്തിരിക്കുന്ന രോഗികളിൽ ഭൂരിഭാഗവും ബി.പി.എൽ വരുമാനക്കാർ.

തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിലെ രോഗികൾക്ക് ആശ്രയം

നിയമനം ദിവസവേതനാടിസ്ഥാനത്തിൽ


ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികനിയമനം നടത്താൻ നടപടിക്രമങ്ങൾ അതിവേഗം സ്വീകരിക്കാനാണ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജിന് കളക്ടർ നിർദ്ദേശം നൽകിയത്. ഇതേത്തുടർന്ന് ആഗസ്റ്റ് 29ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബി.എസ്.സി കാർഡിയാക് പെർഫ്യൂഷൻ ടെക്‌നോളജിയാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487 2200310.