തൃശൂർ: ഇന്ന് ശ്രീകൃഷ്ണ ജയന്തി, നാടും നഗരവും അമ്പാടിയാകും.രാധ - കൃഷ്ണൻ വേഷധാരികളും പുരാണ വേഷധാരികളും വിഥികളെ ഗോകുലങ്ങളാക്കും. അഷ്ടമിരോഹിണിക്ക് പ്രാധാന്യമുള്ള ഗുരുവായൂരിൽ പതിനായിരങ്ങൾ ദർശനത്തിനെത്തും. ഇന്നലെ രാത്രി മുതൽ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. ക്ഷേത്രത്തിൽ ഇന്ന് കാൽലക്ഷം പേർക്ക് പിറന്നാൾ സദ്യ നൽകും. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ഇന്ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ മഹാശോഭായാത്രകൾ നടക്കും.
ബാലഗോകുലം തൃശ്ശിവപേരൂർ മഹാനഗറിന്റെ ആഭിമുഖ്യത്തിൽ മഹാശോഭായാത്ര പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ വൈകിട്ട് 4.45ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. വയനാട്ടിലെ കുട്ടികൾക്കുള്ള സ്‌നേഹനിധി സമർപ്പണവും നടക്കും.
കുട്ടനെല്ലൂർ, അഞ്ചേരി, വളർക്കാവ്, നെല്ലിക്കുന്ന്, കുന്നത്തുംകര, ചേലക്കോട്ടുകര, കിഴക്കുംപാട്ടുകര, നെട്ടിശേരി, മുക്കാട്ടുകര, നെല്ലങ്കര, ചെമ്പുക്കാവ്, തിരുവമ്പാടി, കുട്ടൻ കുളങ്ങര, പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, തെഞ്ചിത്ത് കാവ്, പുതൂർക്കര, കോട്ടപ്പുറം, അരണാട്ടുകര, കൂർക്കഞ്ചേരി, കണ്ണൻകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നത്തുന്ന ശോഭയാത്രകൾ പാറമേക്കാവിന് മുന്നിൽ സംഗമിച്ച് മഹാശോഭയാത്രയായി നയ്ക്കനാൽ വഴി വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ സമാപിക്കും.
ഗുരുവായൂർ, ചാവക്കാട്, വാടാനപ്പിള്ളി, തൃപ്രയാർ, കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര, വടക്കാഞ്ചേരി, തിരുവില്വാമല, ചേലക്കര, കുന്നംകുളം തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ മഹാശോഭായാത്രകൾ നടക്കും.
തിരുവമ്പാടിയിൽ
തിരുവമ്പാടി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 4.30ന് ശിവൻ പെരിങ്ങോട്ടുകരയുടെ അഷ്ടപദി, രാവിലെ ഏഴിന് പ്രത്യക്ഷ ഗോപൂജ, രാവിലെ എട്ടര മുതൽ അഞ്ചാനകൾ അണിനിരക്കുന്ന ഉഷശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ മേളം നടക്കും. 1.30ന് ഓട്ടൻതുള്ളൽ, നാലിന് ഭക്തിഗാനമേള, സന്ധ്യ തൃപ്രയാർ രമേശൻ മാരാരുടെ പഞ്ചവാദ്യം, നൃത്ത സന്ധ്യ, കൊമ്പ് പറ്റ്, തായമ്പക, രാത്രി പത്തിന് ഭാഗവത പാരായണം, ശിവേലി, തൃപ്പുക എന്നിവയും ഉണ്ടാകും.