music

തൃശൂർ: നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ മലയാളത്തിലെ ആദ്യത്തെ ഓണപ്പാട്ടുകളുടെ ഓഡിയോ കളക്‌ഷൻ, 'കണ്ണിൻ ചിറകിലൊരു മഴത്തുള്ളി'യുടെ കവർ റിലീസ് ചെയ്തു. ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് ചെയർമാനും കവിയുമായ സതീഷ് കളത്തിൽ എഴുതിയ വരികൾ എ.ഐ മ്യൂസിക് സൈറ്റായ സുനോ ഡോട്ട് കോമിൽ സംഗീതവും ആലാപനവും നിർവഹിച്ച പാട്ടുകളാണിത്.

കവർ ഡിസൈൻ കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ പ്രകാശനം ചെയ്തു. മ്യൂസിക് ഡയറക്ടർ അഡ്വ. പി.കെ. സജീവ് ഏറ്റുവാങ്ങി. ട്രസ്റ്റ് വൈസ് ചെയർമാൻ സുനിൽകുമാർ കണ്ടംകുളത്തിൽ അദ്ധ്യക്ഷനായി. ട്രഷറർ സാജു പുലിക്കോട്ടിൽ, ദേവദാസ് മനക്കാട്ടുംപടി, മോഹൻദാസ് ഇടശ്ശേരി, കെ.പി. രമ, സതീഷ് കളത്തിൽ എന്നിവർ പ്രസംഗിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ അടിസ്ഥാനമാക്കി, 'മൺപുഴയുടെ സ്മൃതിമണ്ഡപം', തൃശൂരിലെ പുലികളിയെക്കുറിച്ചുള്ള 'പുലിക്കൊട്ടും പനംതേങ്ങേം' എന്നിവ ഉൾപ്പെടെ പത്ത് പാട്ടുകളുണ്ട്. ഓണം ഓർമ്മയിലെ പ്രണയത്തെകുറിച്ചു പറയുന്ന 'കണ്ണിൻ ചിറകിലൊരു മഴത്തുള്ളി' എന്ന ടൈറ്റിൽ സോംഗിന് മെയിൽ, ഫീമെയിൽ, ഡ്യൂയറ്റ് വേർഷനുകളുണ്ട്. സത്യം ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഓണപ്പാട്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.