കൊടുങ്ങല്ലൂർ : പുല്ലൂറ്റ് പാലം മുതൽ കരുപ്പടന്ന പാലം വരെ തകർന്ന് കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിലേക്ക്. യു.ഡി.എഫ് പുല്ലൂറ്റ് മേഖല കമ്മിറ്റി സ്ഥലം എം.എൽ.എയുടെ വസതിക്ക് മുമ്പിൽ ധർണയും പ്രതിഷേധ റാലിയും നടത്തും. മേഖലയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ, ബസ് ഉടമാ പ്രതിനിധികൾ, വ്യാപാരികൾ, ക്ലബ്ബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, പൊതു പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ വിപുലമായ സമരപരിപാടികൾ നടത്തും. വില്ലേജിലെ 9 വാർഡുകളിലും വിശദീകരണ യോഗങ്ങൾ വിളിച്ചു ചേർക്കും. മേൽനോട്ടം വഹിക്കുന്നതിന് കോ-ഓർഡിനേഷൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന യു.ഡി.എഫ് പുല്ലൂറ്റ് മേഖല യോഗത്തിൽ പി.വി. രമണൻ അദ്ധ്യക്ഷനായി. കെ.ജി. മുരജീധരൻ, കെ.പി. സുനിൽകുമാർ, യൂസഫ് അടിയത്ത്, സി.എസ്. തിലകൻ, കെ.കെ. ചിത്രഭാനു, ശ്രീദേവി വിജയകുമാർ, ടി.എ. നൗഷാദ്, ഇ.എസ്. സിറാജ്, എം.എ. ഇബ്രാഹിം, സുജ ജോയ്, സഹിൻ കെ. മൊയ്തീൻ, ഒ.പി. ഹരിഹരൻ, പരമേശ്വരൻ എന്നിവർ സംസാരിച്ചു.
സമരം നടപടി ഇല്ലാത്തതിനാൽ
റോഡ് തകർന്ന് തരിപ്പണമായിട്ട് രണ്ട് വർഷമായിട്ടും സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യത്തോട് അധികൃതർ നിഷേധാത്മക സമീപനം തുടരുകയാണെന്ന് യു.ഡി.എഫ് പുല്ലൂറ്റ് മേഖലാ യോഗം കുറ്റപ്പെടുത്തി. നിരവധി ഇരുചക്രവാഹനയാത്രികർ ഗുരുതരമായ അപകടങ്ങളിൽപ്പെട്ടിട്ടും റോഡ് ഗതാഗതയോഗ്യമാക്കാതെ ഇടയ്ക്കിടെ മെറ്റലും കരിങ്കൽപൊടിയും ഇട്ട് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. മുസ്്‌ലിം ലീഗ് ഉൾപ്പെടെയുള്ള നിരവധി സംഘടനകൾ നിവേദനങ്ങൾ നൽകിയിട്ടും നടപടികൾ ഇല്ലാത്ത സാഹചര്യത്തിലാണ് സമരം.