അതിരപ്പിള്ളി: ഗുരുതര രോഗത്തിന്റെ പിടിയിലായ ഉണ്ണിക്കൃഷ്ണനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് വെറ്റിലപ്പാറ ഗ്രാമം ഒപ്പമുണ്ട്. വെറ്റിലപ്പാറ, പ്ലാന്റേഷൻ മേഖലയിലെ നൂറോളം പേരാണ് കൈയും മെയ്യും മറന്ന് ജീവകാരുണ്യത്തിനായി കളത്തിലുള്ളത്. കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ ഇവരുടെ പത്താമത്തെ കാരുണ്യദൗത്യമാണിത്. തലച്ചോറിൽ അർബുദ ബാധയുണ്ടായ വെറ്റിലപ്പാറയിലെ എടത്താടൻ ഉണ്ണിക്കൃഷ്ണന്റെ ജീവൻ നിലനിറുത്താനാണ് സംഘത്തിന്റെ ഇപ്പോഴത്തെ പെടാപ്പാട്.
വിനോദ യാത്രയ്ക്ക് എത്തുന്നവരുടെ മുന്നിൽ കാര്യങ്ങൾ വിവരിച്ച് കൈനീട്ടും, ബക്കറ്റിലേക്ക് തുക വീഴാതിരിക്കില്ല. വെറ്റിലപ്പാറ പതിമൂന്നിലെ ഷാജി പാപ്പന്റെ തട്ടുകടയാണ് എല്ലാ ജീവൻ രക്ഷാപ്രവർത്തനങ്ങളുടെയും ആസ്ഥാനം. ചായകുടി കഴിഞ്ഞ് നിരത്തിവച്ച ചില്ലുപെട്ടികളിൽ നിക്ഷേപിക്കുന്ന പണത്തിന് ആരും ബാക്കി വാങ്ങാറില്ല. ഞായറാഴ്ചനാളിൽ പാലത്തിങ്കൽ ഷാജിയുടെ കടയിലെ എല്ലാ വരുമാനവും ഉണ്ണിക്കൃഷ്ണന്റെ ചികിത്സാ നിധിയിലേക്കുള്ളതാണ്.
സൗജന്യമായി കിട്ടിയ കാർഷിക വിളകൾ ലേലം ചെയ്തും ഇവർ പണം സ്വരൂപിക്കുന്നുണ്ട്. അടുത്ത ദിവസം മുതൽ സംഘം വ്യാപാര സ്ഥാപനങ്ങളിലെത്തിയും സംഭാവനകൾ ശേഖരിക്കും. നേരത്തെ ഗ്രാമത്തിന്റെ കാരുണ്യ ദൗത്യത്തിൽ നിന്നും സഹായം ലഭിച്ച വെറ്റിലപ്പാറയിലെ ബിജു, കൊന്നക്കുഴിയിലെ അഖിലേഷ്, പ്ലാന്റേഷനിലെ ലൈജു ഡേവിസ് എന്നിവരും സംഘത്തിന്റെ പ്രവർത്തനത്തിൽ ഇപ്പോൾ തങ്ങളാൽ ആവുംവിധം പങ്കാളികളാണ്.
ഈ വെറ്റിലപ്പാറ ഗ്രാമം മുഴുവൻ ഉണ്ണിക്കൃഷ്ണന് വേണ്ടി രംഗത്തുണ്ട്. അയാളെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയാണ് ലക്ഷ്യം.
- സുദേവൻ കണ്ണത്ത്, കൂട്ടായ്മയിലെ അംഗം