dog
1

കയ്പമംഗലം : പെരിഞ്ഞനം സെന്ററിലെ തെക്കേ ബസ് സ്റ്റോപ്പ് തെരുവ് നായകളുടെ വിഹാര കേന്ദ്രമാകുന്നു. കഴിഞ്ഞ ദിവസം ഇവിടെ ബസ് കാത്ത് നിൽക്കുകയായിരുന്ന പെരിഞ്ഞനം 12-ാം വാർഡിൽ ഗണപതിയമ്പലത്തിനടുത്ത് താമസിക്കുന്ന പാറേക്കാട്ട് രാധാകൃഷ്ണനെയാണ് നായ ആക്രമിച്ചത്. ഭാര്യയും മകളുമായി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന പാറേക്കാട്ട് രാധാകൃഷ്ണനെ പ്രകോപനമൊന്നുമില്ലാതെ നായ ആക്രമിക്കുകയായിരുന്നു. കൈകൊണ്ട് തട്ടിമാറ്റാൻ ശ്രമിച്ച രാധാകൃഷ്ണന്റെ കൈപ്പത്തിയിലും പാദത്തിന് മുകളിലും നായ കടിച്ച് മുറിവേൽപ്പിച്ചു. അദ്ദേഹം കൊടുങ്ങല്ലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
'മേൽക്കൂരയില്ലാത്ത' ബസ് സ്റ്റോപ്പിൽ നായകൾ സ്വൈര വിഹാരം നടത്തുകയാണ്. ബസ് കാത്ത് നിൽക്കുന്നവർക്ക് നേരെ കുരച്ച് ചാടുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്. ബസ് സ്റ്റോപ്പിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും നായകളുടെ ശല്ല്യം തടയാനും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.

തെരുവ് നായ ശല്യത്തിന് അറുതി വരുത്തണം. ബസ് സ്റ്റോപ്പിൽ യാത്രക്കാർക്ക് സുരക്ഷിതമായി നിൽക്കാൻ പഞ്ചായത്ത് സാഹചര്യമൊരുക്കണം.
- യാത്രക്കാർ