കൊടുങ്ങല്ലൂർ : ഒഴിവ് കിട്ടുന്ന സമയങ്ങളിൽ വെള്ളവും വളവും നൽകി പരിപാലിച്ചത് വ്യഥാവിലായില്ല, നൂറുമേനിയിൽ തന്നെ വിളഞ്ഞു ചെണ്ടുമല്ലിപ്പൂക്കൾ. കോട്ടപ്പുറം സെന്റ് ആൻസ് ഹൈസ്‌കൂളിലെ അദ്ധ്യാപികമരും കുട്ടികളും ഓണത്തോട് അനുബന്ധിച്ച് നടത്തിയ ചെണ്ടുമല്ലിപ്പൂക്കൃഷിയിലാണ് നുറുമേനി വിളവുണ്ടായത്. വിരിഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കൾക്കൊപ്പം കുട്ടികളും അദ്ധ്യാപകരും ഏറെ ആഹ്‌ളാദത്തിലാണ്. സ്‌കൂൾ വളപ്പിലെ സ്‌കൂൾ വളപ്പിലെ ഒഴിഞ്ഞ സ്ഥലത്താണ് ഗ്രോ ബാഗിൽ പൂക്കൃഷി നടത്തിയത്. മഴയെ അതീജീവിക്കാനാണ് കൃഷിയ്ക്ക് ഗ്രോബാഗ് തിരഞ്ഞെടുത്തത്. കൃഷിവകുപ്പിൽ നിന്ന് നല്ലയിനം ചെണ്ടുമല്ലി തൈകൾ ലഭിച്ചതും സ്‌കൂളിലെ ജൈവ അവശിഷ്ടങൾ ഉപയോഗിച്ചുള്ള വളവും മികച്ച വിളവ് ലഭിക്കുന്നതിന് കാരണമായി. പ്രധാന അദ്ധ്യാപിക സിസ്റ്റർ കാർമൽ ഗ്രേസിന്റെയും അദ്ധ്യാപികമാരായ ജെറോമിയ, മിനി അംബ്രോസ്, ഷെർലി എന്നിവരുടെയുടെയും ഒരു സംഘം കുട്ടികളുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് പൂക്കൃഷിയെ വിജയത്തിലെത്തിച്ചത്. ഗ്രോ ബാഗ് വാങ്ങുന്നതിനും മറ്റുമായി മൂവായിരം രൂപയാണ് ചെലവായത്. അദ്ധ്യാപകമാർ നൽകിയ ആ പണം പൂ വിറ്റ് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് വീട്ടാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
സ്‌കൂളിൽ നിന്നും ലഭിച്ച പ്രചോദനം വീടുകളിലും ചെറിയ കാർഷിക പ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരണയായി.
-ഇസ്ല, റിയോണ, ഹൃദ്യ, ആദിത്യൻ, ഹാഷിർ, പ്രണയ്
(വിദ്യാർത്ഥികൾ)
പൂക്കൃഷിയിലൂടെ കാർഷക വൃത്തിയിലുള്ള കുട്ടികളുടെ താത്പര്യം വർദ്ധിപ്പിക്കാനായി.
-ജെറോമിയ
(കോ-ഓർഡിനേറ്റർ)