ചേർപ്പ് : ചൊവ്വൂരിലെ സ്വകാര്യ പമ്പിൽ നിന്ന് പെട്രോൾ ചോർന്ന് സമീപത്തെ 13 വീടുകളിലെ കിണർവെള്ളം ഉപയോഗ ശൂന്യമായി. ചേർപ്പ് എസ്.ഐ: ശ്രീലാലിന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ഉടമസ്ഥരും പ്രദേശവാസികളും തമ്മിൽ നടന്ന ചർച്ചയിൽ പ്രശ്‌നബാധിതമായ സമീപത്തെ വീടുകളിലേക്ക് ശുദ്ധജലമെത്തിക്കാമെന്നും കിണറുകൾ ശുദ്ധീകരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും പമ്പ് ഉടമസ്ഥർ ഉറപ്പു നൽകി.
ശനിയാഴ്ച മുതലാണ് കിണറുകളിലെ വെള്ളത്തിന് വ്യത്യാസം ദൃശ്യമായത്. പമ്പിന് പിറകുവശത്ത് താമസിക്കുന്ന കൊളത്തൂർ കെ.ടി. ദാസൻ, ചെറുവത്തൂർ തണ്ടാശ്ശേരി പോളി, ഗ്രേസി അഞ്ചേരി, റോക്കി ജിജോ, രുഗ്മണി തോപ്പുപറമ്പിൽ, തെക്കുംകര മണി, കോഴിപ്പറമ്പിൽ ദേവസി, തണ്ടേപ്പറമ്പിൽ സുജാത, പൊറാടൻ ശോഭ, ജിതിൻ പാലയ്ക്കൽ, മുരളി കാരിപ്പുള്ളി തുടങ്ങിയവരുടെ വീടുകളിലെ കിണറുകളിലാണ് പ്രശ്‌നമുണ്ടായത്. വെള്ളത്തിന് ദുർഗന്ധവും മുകളിൽ എണ്ണ കലർന്ന് കിടക്കുന്നതായും കാണുന്നുണ്ട്. വെള്ളം ഉപയോഗിച്ചവർക്ക് ശരീരത്തിൽ ചൊറിച്ചിൽ നാവിൽ നിന്ന് തൊലി അടർന്ന് പോകൽ എന്നീ ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. തുടർന്ന് പഞ്ചായത്ത്, പൊലീസ് എന്നിവരോട് പരിസരവാസികൾ പ്രശ്‌നം അറിയിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളം പരിശോധിച്ചു. മണ്ണിൽ കലർന്ന പെട്രോൾ മഴ വെള്ളത്തിലൂടെ കിണറുകളിലെത്തിയെന്നാണ് അനുമാനം.