ചാലക്കുടി: നഗരസഭയുടെ ഔദ്യോഗിക വാഹനങ്ങൾ കൗൺസിലർമാർ ദുരുപയോഗം ചെയ്യുന്നതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചെയർമാൻ എബി ജോർജ് എൻജിനീയറിംഗ് വിഭാഗത്തിലെ ഡ്രൈവർമാരെ വിളിച്ചു വരുത്തി താക്കീത് നൽകി. വൈസ് ചെയർമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷർ, കൗൺസിലർ എന്നിവർക്ക് വേണ്ടി വാഹനങ്ങൾ ഓടിക്കരുതെന്നാണ് നിർദ്ദേശം. നിലവിലെ വ്യവസ്ഥ പ്രകാരം ഇതു കുറ്റകരമാണെന്നും ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. ചില കൗൺസിലർമാരാണ് ഇതു സംബന്ധിച്ച് ചെയർമാന് പരാതി നൽകിയത്. പല കൗൺസിലർമാരും വീട്ടുസാധങ്ങൾ വാങ്ങുന്നതിന് നഗരസഭയുടെ കാർ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ച ഇത്തരം ദുരുപയോഗം വർദ്ധിച്ചതായി പരാതിയിൽ പറയുന്നു. എൻജിനീയറിംഗ് വിഭാഗത്തിലെ കാറും ജീപ്പും ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ഉപയോഗത്തിനുള്ളതാണ്. എ.ഇ, ഓവർസിയർമാർ എന്നിവർക്കാണ് ഇതിന് അനുമതി. കഴിഞ്ഞ കൗൺസിലിന്റെ കാലത്തും വാഹനങ്ങളുടെ ദുരുപയോഗം ചെയ്തിരുന്നു.