ചാലക്കുടി: മൂന്നര പതിറ്റാണ്ടിന് ശേഷം കൂടപ്പുഴ ഫാസ് ഓഡിറ്റോറിയത്തിൽ വീണ്ടും നാടക യവനിക ഉയരുന്നു. വൈക്കം മുഹമ്മദ് ബഷീർ കഥയായ മുച്ചീട്ടു കളിക്കാരന്റെ മകൾക്കായി ഇവിടെ ചൊവ്വാഴ്ച വൈകീട്ട് അരങ്ങ് ഒരുങ്ങും.1980 കാലത്ത്
കലാനിലയത്തിന്റെ രക്തരക്ഷസ് നാടകം, കടമറ്റത്ത് കത്തനാർ, നാറാണത്തു ഭ്രാന്തൻ തുടങ്ങി ഡ്രാമാസ്‌ക്കോപ്പ്്് നാടകങ്ങളും പൂഴിമണൽ വിരിച്ച ഹാളിലിരുന്നു പതിനായിരങ്ങൾ ആസ്വദിച്ചിരുന്നു.

തിലകൻ, ജോസ് പെല്ലിശേരി, നാടക ആചാര്യൻ എൻ.എൻ.പിള്ള,കൊട്ടാക്കരയുടെ മകൻ സായ്കുമാർ, സിനിമയിലെ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ രിസബാവ എന്നിവരും അരങ്ങ് തകർത്തിരുന്നു. കേരളത്തിലെ പ്രൊഫഷണൽ ട്രൂപ്പുകളുടെ നാടകങ്ങൾക്കും കൂടപ്പുഴയിലെ കലാകേന്ദ്രം വേദിയായി. 1990കളോടെ കാണികൾ കുറഞ്ഞതോടെ നാടക നടത്തിപ്പ് നഷ്ടത്തിലായി. പ്രൊഫ.പി.എ.തോമസ് പ്രസിഡന്റായി തുടക്കമിട്ട ഫൈൻ ആർട് സൊസൈറ്റിയുടെ പ്രവർത്തനം ഇതോടെ താളം തെറ്റി. പിന്നീട് ബി.പി.അപ്പുക്കുട്ടന്റെ നേതൃത്വത്തിൽ നൃത്ത സംഗീത വിദ്യാലയം ആരംഭിച്ചായിരുന്നു ഈ കലാക്ഷേത്രത്തിന്റെ കെടാവിളക്ക് നിലനിറുത്തിയത്. വിവാഹങ്ങൾ അടക്കമുള്ള ചടങ്ങുകൾക്കും ഇവിടം വേദിയായി. ഇപ്പോൾ നാടക ലോകത്തേയ്ക്ക് ആസ്വാദകരെ തിരികെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ചാലക്കുടിയുടെ കലാകൂട്ടായ്മ വീണ്ടും ഒന്നിക്കുകയാണ്. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ബിജു എസ്.ചിറയത്ത് പ്രസിഡന്റായി പുതുതായി രൂപീകരിച്ച കമ്മിറ്റിയാണ് നേതൃനിരയിൽ. സെക്രട്ടറി ആദ്യകാല പ്രവർത്തകൻ പി.വി.ജൂലിയസും.


പുതിയ അംഗങ്ങളെ ചേർത്ത് സമിതി വിപുലീകരിക്കുയാണ് ലക്ഷ്യം. പ്രതിമാസ നാടകങ്ങൾക്കും വേദിയൊരുക്കും.

അഡ്വ.ബിജു ചിറയത്ത് (പ്രസിഡന്റ്)