തൃശൂർ: ഓണത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പച്ചക്കറി വില കൂടുന്നു. കഴിഞ്ഞയാഴ്ച വളരെ താഴ്ന്ന നിലയിൽ കച്ചവടം നടന്നിരുന്നെങ്കിലും ഇന്നലെ വില കൂടി. മാസങ്ങളായി ഉയർന്ന വിലയിൽ വിൽപ്പന നടത്തുന്ന ചേന, ഇഞ്ചി എന്നിവയുടെ വില താഴ്ന്നതുമില്ല. കിലോയ്ക്ക് 80- 85 രൂപാ നിരക്കിലാണ് ചേനയുടെ ചില്ലറ വിൽപ്പന വില. ഇഞ്ചിക്കാണെങ്കിൽ 150 രൂപയ്ക്ക് മുകളിൽ വിലയുണ്ട്.
കാരറ്റ്, ബീൻസ് എന്നിവയ്ക്കെല്ലാം ഉയർന്ന വിലയാണ്. ഓണത്തോട് അടുക്കുംതോറും വില ഉയർന്നേക്കുമെന്ന് കച്ചവടക്കാർ പറയുന്നു. കനത്ത മഴയിലുണ്ടായ വിളനാശം മൂലം ആഭ്യന്തര ഉത്പാദനം കുറഞ്ഞിരുന്നു. ഇതോടെ ഓണത്തിന് മറുനാടൻ പച്ചക്കറിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കാലവർഷത്തിലും ജൂലായ് അവസാനം പെയ്ത അതിശക്തമായ മഴയിലും ജില്ലയിൽ മാത്രം കോടികളുടെ കൃഷിനാശമുണ്ടായിരുന്നു.
കായവില കുതിക്കുന്നു
ഓണത്തിന് ആഴ്ചകൾക്ക് മുൻപേ കായ വിപണിയിൽ വൻ വിലക്കയറ്റം. നേന്ത്രക്കായക്ക് 60 മുതൽ 70 രൂപ വരെയും പഴത്തിന് 75 രൂപയുമാണ് വില. ഓണക്കാലത്തെ സൂപ്പർ സ്റ്റാർ ചെങ്ങാലിക്കൊടന് 80 - 90 രൂപ വിലയുണ്ട്. ഓണനാളിൽ സെഞ്ചുറിയടിക്കാനും സാദ്ധ്യതയേറെ.
മലയോര ചെറുകിട കർഷകർക്ക് വിലക്കയറ്റം ഗുണകരമാകും. ഉത്പന്നങ്ങൾ വാങ്ങാൻ കൃഷിയിടത്തിൽ തന്നെ ആവശ്യക്കാർ എത്തുന്നുണ്ട്. മറ്റു കായകളേക്കാൾ പരിപാലനച്ചെലവ് കൂടുതലാണെങ്കിലും മോഹവില കിട്ടുമെന്നതാണ് ചെങ്ങാലിക്കോടന്റെ പ്രത്യേകത. പച്ചക്കായ കൊണ്ട് ഉപ്പേരിയുണ്ടാക്കാനും ശർക്കരവരട്ടിക്കും പഴംനുറുക്കിനും ചെങ്ങാലിക്കോടനെ വെല്ലാൻ മറ്റൊന്നില്ല.
മുണ്ടത്തിക്കോട്, ആളൂർ, പെരിങ്ങണ്ടൂർ, വേലൂർ, കൈപ്പറമ്പ്, പുത്തൂർ ,എരുമപ്പെട്ടി, വരവൂർ, കടങ്ങോട്, അവണൂർ, ചൊവ്വന്നൂർ, ഗുരുവായൂർ, ചൂണ്ടൽ, കുന്നംകുളം, എയ്യാൽ, കേച്ചേരി, മങ്ങാട്, നെല്ലുവായ്, പാണഞ്ചേരി, ആമ്പല്ലൂർ, നടത്തറ, പുതുക്കാട് , വടക്കാഞ്ചേരി, ദേശമംഗലം, നെല്ലുവായ് എന്നിവിടങ്ങളിലാണ് കൂടുതലായി ചെങ്ങാലിക്കൊടൻ ഉത്പാദിപ്പിക്കുന്നത്.
ചുവപ്പ് പയർ: 40
പച്ചപയർ: 40
വെണ്ട: 40
മുരിങ്ങ: 50
കയ്പക്ക: 40
കാരറ്റ്: 85
മുളക്: 65
ഇഞ്ചി: 160
ചേന: 85
കുമ്പള: 25
മത്തൻ: 25
ബീൻസ്: 65
തക്കാളി: 25