തൃപ്രയാർ മണ്ഡലത്തിന്റെ നേത്യത്വത്തിൽ നടന്ന മഹാശോഭായാത്ര.
തൃപ്രയാർ: ആട്ടവും പാട്ടുമായി കൃഷ്ണനും ഗോപികമാരും നിറഞ്ഞാടിയതോടെ തൃപ്രയാർ അമ്പാടിയായി. ബാലഗോകുലം തൃപ്രയാർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ശ്രീമുരുക, വിവേകാന്ദ, ഝാൻസിറാണി, സാന്ദീപനി, ശിവയോഗിനി, ദുർഗ, നവോദയ, ശ്രീഭദ്ര, ശ്രീറാം ബാലഗോകുലങ്ങളിൽ നിന്നും ശോഭായാത്രകൾ ഉച്ചതിരിഞ്ഞ് 4 മണിയോടെ ആരംഭിച്ചു. വൈകിട്ട് ആറോടെ തൃപ്രയാർ ജംഗ്ഷനിൽ സംഗമിച്ചു. തുടർന്ന് മഹാശോഭയാത്രയായി ശ്രീരാമക്ഷേത്ര സന്നിധിയിലേക്കെത്തി. നൂറുകണക്കിന് ബാലികാബാലൻമാർ വിവിധ വേഷങ്ങളിഞ്ഞ് ശോഭായാത്രയിൽ പങ്കെടുത്തു. ശോഭയാത്ര വീക്ഷിക്കാൻ ആയിരങ്ങൾ തടിച്ചുകൂടി. മേളം, പഞ്ചവാദ്യം, ശിങ്കാരിമേളം, രഥം, നാടൻ കലകൾ, നാദസ്വരം, നിശ്ചല ദൃശൃങ്ങൾ എന്നിവ യാത്രയുടെ മാറ്റുകൂട്ടി. ഉറിയടിയും ഗോപൂജയും ആഘോഷത്തിന്റെ ഭാഗമായിരുന്നു. ആഘോഷക്കമ്മിറ്റി ഭാരവാഹികളായ എ.വി. സത്യരാജ്, സി.ജെ. ജിനു, എം.വി. വിജയൻ, ശിവരാമൻ എരണേഴത്ത്, എൻ.എസ്. ഉണ്ണിമോൻ എന്നിവർ നേതൃത്വം നൽകി.