വടക്കാഞ്ചേരി: സാമൂഹിക വിരുദ്ധരുടെ തട്ടിപ്പിന് ഇരയായ കാഴ്ച്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരൻ കുഞ്ഞുമോന് സുരക്ഷിതമായി ലോട്ടറി കട നിർമ്മിച്ചു നൽകി വടക്കാഞ്ചേരി റോട്ടറി ക്ലബ്. കഴിഞ്ഞ മാസം ഇരുചക്ര വാഹനത്തിലെത്തിയവർ 50 ഓളം ടിക്കറ്റുകൾ തട്ടിയെടുത്ത വാർത്ത കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് കുഞ്ഞുമോനെ തേടി നിരവധി സഹായങ്ങൾ എത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു.
പതിറ്റാണ്ടുകളായി എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുകയാണ് മങ്കര ലക്ഷം വീട് കിണറാമാക്കൽ കുഞ്ഞുമോൻ. വാഴാനി റോഡിൽ ഓട്ടുപാറ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപമാണ് ലോട്ടറിക്കട. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അജിത് മല്ലയ്യ കട ഉദ്ഘാടനം ചെയ്തു.
റോട്ടറി പ്രസിഡന്റ് വി. സുരേഷ് കുമാർ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് ഗവർണർ ഹരീന്ദ്രനാഥ് താക്കോൽ കൈമാറി.
നഗരസഭാ കൗൺസിലർ പി.എൻ.വൈശാഖ് അജിത് മല്ലയ്ക്ക് ബമ്പർ ടിക്കറ്റ് നൽകി ആദ്യ വിൽപ്പന നിർവഹിച്ചു. പി.എൻ.രാജൻ, ജോൺസൺ,ഹരി കിരൺ, വത്സൻ, സുരേഷ്, ഗോപാലകൃഷ്ണൻ, ജോമോൻ, സജിത്ത്, ഡോ:പ്രഭാകരൻ, മാർട്ടിൻ,പി.എൻ.ദിനേശൻ എന്നിവർ സംസാരിച്ചു.