പാവറട്ടി: നിങ്ങൾക്ക് പാട്ട് പാടണോ? എന്നാൽ വരൂ ആടിയും പാടിയും ചായ കുടിച്ചും മടങ്ങാം. ഒളിഞ്ഞിരിക്കുന്ന
കലാകാരന്മാർക്ക് അവസരമൊരുക്കാൻ രംഗത്തെത്തിയിരിക്കുകയാണ് പാടൂരിലെ 'കടവ് ചായക്കൂട്ടം'. എല്ലാ ഞായറാഴ്ചകളിലും രാവിലെ പാടൂർ പുളിക്കകടവ് പാലത്തിന് സമീപത്തുള്ള ചായക്കൂട്ടമാണ് സൗഹൃദ വേദിയൊരുക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ കൂട്ടം. സോഷ്യൽ മീഡിയയിലൂടെ കൂട്ടായ്മ വൈറലായതോടെ ആസ്വാദകരായി പ്രവാസികളും സമീപപ്രദേശങ്ങളിൽ നിന്നും നിരവധി ആളുകളാണ് പാടാനും ആസ്വാദിക്കാനും രാവിലെ എത്തുന്നത്. പാടൂരിലെ സ്വന്തം മുട്ടിപ്പാട്ട് ഗ്രൂപ്പായ വർദ്ധ മുട്ടിപ്പാട്ട് ഗ്രൂപ്പിന് പ്രോത്സാഹനവും പ്രചോദനമായതും ഈ കൂട്ടായ്മയാണ്. വിവാഹ വേദികളിലും നിരവധി സ്റ്റേജ് പരിപാടികളിലും ഇവർ സജീവമാണ്.
പുതിയ തലമുറയ്ക്ക് ആവേശം പകർന്ന് നൽകുന്നതോടൊപ്പം തങ്ങളുടെ പാട്ടുകൾ ഇന്ന് ലോകം മുഴുവനും കേൾക്കുന്ന ഒരു കലാകാരനാക്കാൻ ഈ കൂട്ടായ്മ അവസരം ഒരുക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
പ്രോത്സാഹിപ്പിച്ച് കൂട്ടായ്മ
ജലാൽ. കെ. മോൻ, ഫിറോസ് തറയ്യിൽ , എൻ.എം. ഷെബീർ , റഫീക്ക് പുളിക്കൽ, അഫ്‌സൽ പാടൂർ, എ.എം.ഷറഫുദീൻ , ഒ.ടി. ലെത്തീഫ്, എം.കെ മൻസൂർ, വി.എം.അസ്ലം, എൻ .എ. മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഞായറാഴ്ചകളിലെ ഈ സംഗീത വിരുന്നു ഒരുക്കുന്നത്.