1

തൃശൂർ: സംരംഭക മേഖലയിൽ ഒട്ടേറെ മാതൃകയാകുന്ന പദ്ധതികളാണ് കുടുംബശ്രീ വിജയകരമായി നടപ്പാക്കിയതെന്ന് മന്ത്രി എം.ബി. രാജേഷ്. ജനകീയ ഹോട്ടൽ പദ്ധതി മുഖേന മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നു. പദ്ധതിക്ക് സർക്കാർ സബ്‌സിഡിത്തുക പൂർണമായും നൽകി. പുഴയ്ക്കലിൽ ഓണത്തിന് കുടുംബശ്രീ പുറത്തിറക്കുന്ന ചിപ്‌സ്, ശർക്കര വരട്ടി എന്നിവയുടെ ലോഞ്ചിംഗ് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീ പ്രീമിയം ഹോട്ടൽ പദ്ധതിയും ലഞ്ച് ബെൽ സംവിധാനവും ആരംഭിച്ചു. ഈ പദ്ധതികൾ സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2024 25ൽ മൂന്ന് ലക്ഷം ഉപജീവന പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച കെ ലിഫ്ട് പദ്ധതിയുടെ ഭാഗമായാണ് 'ഫ്രഷ് ബൈറ്റ്‌സ് ബ്രാൻഡിംഗ്' നടത്തിയിരിക്കുന്നത്.

ചിപ്‌സും ശർക്കര വരട്ടിയുമാണ് ഇതിലൂടെ വിപണിയിൽ എത്തിക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിലെയും മികച്ച ചിപ്‌സ്, ശർക്കര വരട്ടി ഉത്പാദക യൂണിറ്റുകളെ കണ്ടെത്തി രണ്ടു ഘട്ടങ്ങളിലായി കായംകുളം കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശീലനവും പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.